'രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തരുത്'; ഓസ്‌ട്രേലിയയോട് അഭ്യര്‍ഥനയുമായി അഫ്ഗാനിസ്ഥാന്‍

അഫ്ഗാന്‍ പുരുഷ ടീമിന് എതിരായ ടെസ്റ്റില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയതിന് പിന്നാലെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാബൂള്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് തങ്ങളെ ഒറ്റപ്പെടുത്തരുത് എന്ന അഭ്യര്‍ഥനയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാന്‍ പുരുഷ ടീമിന് എതിരായ ടെസ്റ്റില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയതിന് പിന്നാലെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥന. 

വനിതാ ക്രിക്കറ്റിനോടുള്ള അഫ്ഗാന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് അഫ്ഗാന് എതിരായ ഹൊബാര്‍ട്ട് ടെസ്റ്റില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറിയത്. എന്നാല്‍ ടെസ്റ്റില്‍ നിന്ന് പിന്മാറിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം തിടുക്കത്തിലുള്ളതും അപ്രതീക്ഷിതവുമാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഹമീദ് ഷിന്‍വാരി പറഞ്ഞു. 

രാജ്യത്തെ ഭരണ മാറ്റത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. അഫ്ഗാന്‍ ക്രിക്കറ്റിനായി മറ്റ് രാജ്യങ്ങള്‍ വാതിലുകള്‍ തുറന്നിടാന്‍ തയ്യാറാവണം. അഫ്ഗാനെ ഒറ്റപ്പെടുത്തരുത് എന്നും ഷെന്‍വാരി പറഞ്ഞു. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരം റദ്ദാക്കിയതിലൂടെ അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെടുമെന്നും വിഷയത്തില്‍ ഐസിസി ഇടപെടണം എന്നും ഷെന്‍വാരി ആവശ്യപ്പെട്ടു. 

വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹോബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. 

മുഖവും ശരീരവും മറയ്ക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ വനിതകള്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.'ക്രിക്കറ്റില്‍ മുഖവും ശരീരവും മറയ്ക്കാതെ അവര്‍ക്ക് കളിക്കേണ്ടിവരും. അങ്ങനെ ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.'- താലിബാന്‍ സാംസ്‌കാരിക കമ്മിറ്റി ഉപ മേധാവി അഹമദുള്ള വാസിഖ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com