ചരിത്രമെഴുതാന്‍ ഒരു ജയം കൂടി; യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ച്; കലണ്ടര്‍ സ്ലാം തൊട്ടരികില്‍

യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍ ടോക്യോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അലക്‌സാണ്ടര്‍ സ്വരേവിനെയാണ് ജോക്കോവിച്ച് സെമി ഫൈനലില്‍ തോല്‍പ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നതോടെ കലണ്ടര്‍ സ്ലാമിനോട് അടുത്ത് നൊവാക് ജോക്കോവിച്ച്. യുഎസ് ഓപ്പണിലും ജോക്കോവിച്ച് കിരീടം ചൂടിയാല്‍ 1969ന് ശേഷം കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം എന്ന നേട്ടം തൊടുന്ന ആദ്യ വ്യക്തിയാവും ജോക്കോവിച്ച്.

യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍ ടോക്യോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അലക്‌സാണ്ടര്‍ സ്വരേവിനെയാണ് ജോക്കോവിച്ച് സെമി ഫൈനലില്‍ തോല്‍പ്പിച്ചത്. അഞ്ച് സെറ്റുകള്‍ നീണ്ട പോരിന് ഒടുവിലാണ് ലോക ഒന്നാം നമ്പര്‍ താരം ഫൈനലിലേക്ക് കടന്നത്. സ്‌കോര്‍ 4-6,6-2,6-4,4-6,6-2. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ജൂണില്‍ ഫ്രഞ്ച് ഓപ്പണും ജൂലൈയില്‍ വിംബിള്‍ഡണും ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. 

ഫൈനലില്‍ മെദ്വെദേവ് ആണ് ജോക്കോവിച്ചിന്റെ എതിരാളി. കരിയറിലെ അവസാന മത്സരം എന്നത് പോലെയാണ് താന്‍ ഫൈനലിനെ നേരിടുക എന്ന് ജോക്കോവിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞു. 52 വര്‍ഷം മുന്‍പ് റോഡ് ലാവര്‍ കലണ്ടര്‍ സ്ലാം എന്ന നേട്ടത്തില്‍ എത്തിയതിന് ശേഷം മറ്റൊരാള്‍ക്കും കോര്‍ട്ടില്‍ ഈ നേട്ടം തൊടാനായിട്ടില്ല. 

യുഎസ് ഓപ്പണ്‍ കിരീടം ചൂടിയാല്‍ അത് ജോക്കോവിച്ചിന്റെ 21ാം ഗ്രാന്‍ഡ് സ്ലാം ആവും. ഇതിലൂടെ 20 ഗ്രാന്‍ഡ് സ്ലാമുകളുമായി നില്‍ക്കുന്ന ഫെഡറര്‍, നദാല്‍ എന്നിവരെ മറികടന്ന് ജോക്കോവിച്ച് റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കും. 2005ല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയ ആേ്രന്ദ അഗാസിക്ക് ശേഷം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരവുമാണ് ജോക്കോവിച്ച്. 

യുഎസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തിയാല്‍ 1970ല്‍ കെന്‍ റോസ് വല്ലിന്റെ നേട്ടത്തിന് ശേഷം ഇവിടെ കിരീടം ഉയര്‍ത്തുന്ന പ്രായം കൂടിയ താരവുമാവും ജോക്കോവിച്ച്. യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നതോടെ 31 സ്ലാം ഫൈനല്‍ പ്രവേശനം എന്ന ഫെഡററിന്റെ നേട്ടത്തിനൊപ്പവും ജോക്കോവിച്ച് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com