'ഇന്നലെ മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ കറങ്ങുന്നുണ്ടായിരുന്നു'; ആരോപണവുമായി ബ്രിട്ടീഷ് മാധ്യമങ്ങളും 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2021 01:19 PM  |  

Last Updated: 11th September 2021 01:19 PM  |   A+A-   |  

England bounce back

ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ കളിക്കാരില്‍ പലരേയും പുറത്ത് കണ്ടതായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് കോവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടരുന്നതില്‍ വീഴ്ച വരുത്തിയതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചത് എന്ന് ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആരോപിക്കുന്നു. ഒരു കളിക്കാരന് പോലും കോവിഡ് പോസിറ്റീവായില്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യ കളിക്കാന്‍ തയ്യാറായില്ല? ഐപിഎല്‍ നഷ്ടമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇതിന് വേണ്ടിയാണ് മത്സരത്തിന് മുന്‍പുള്ള പരിശീലന സെഷന്‍ വരെ ഉപേക്ഷിച്ച് അവര്‍ കരുതലെടുത്തത്, ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലണ്ടന്‍ ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാരേയും പങ്കെടുപ്പിച്ച് നടത്തിയ രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് അതൃപ്തിയുണ്ട്. പുസ്തക പ്രകാശനം വിവാദമായതോടെ സുരക്ഷ കര്‍ശനമാക്കാം എന്ന് ബിസിസിഐ ഉറപ്പ് നല്‍കിയിട്ടും കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരങ്ങളെ മാഞ്ചസ്റ്ററില്‍ പുറത്ത് കണ്ടതായും ഡെയ്‌ലി മെയിലില്‍ പറയുന്നു. 

ഐപിഎല്‍ ആണ് ഇവിടേയും വിഷയമാവുന്നത് എന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടിലും പറയുന്നത്. 10 ദിവസത്തിനുള്ളില്‍ ഐപിഎല്‍ ആരംഭിക്കും. 300 മില്യണ്‍ പൗണ്ട് വിലമതിക്കുന്നതാണ് ബിസിസിഐക്ക് ഐപിഎല്‍. അത് സംരക്ഷിക്കാനാണ് അവരുടെ ശ്രമം. ഇതിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് 20 മില്യണ്‍ പൗണ്ട് നഷ്ടപ്പെടുന്നതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.