ഇന്ത്യന്‍ കുപ്പായത്തിലെ രഹാനെയുടെ അവസാന ഇന്നിങ്‌സ് ആയിരുന്നിരിക്കും ഓവലിലേത്: പാര്‍ഥീവ് പട്ടേല്‍ 

'തന്റെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി രഹാനെ കണ്ടെത്തിയത് 2016ലാണ്, 51.4. അവിടെ നിന്ന് 39ലേക്ക് രഹാനെ വന്നു'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ നിറം മങ്ങി കളിച്ചതിന് പിന്നാലെ ഇന്ത്യന്‍ മധ്യനിര താരത്തിന്റെ ഭാവിയിലേക്ക് ചൂണ്ടി മുന്‍ താരം പാര്‍ഥീവ് പട്ടേല്‍. ഇന്ത്യന്‍ കുപ്പായത്തിലെ രഹാനെയുടെ അവസാന ഇന്നിങ്‌സ് ആയിരിക്കാം നമ്മല്‍ ഓവലില്‍ കണ്ടത് എന്നാണ് പാര്‍ഥീവ് പട്ടേല്‍ പറയുന്നത്. 

തന്റെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി രഹാനെ കണ്ടെത്തിയത് 2016ലാണ്, 51.4. അവിടെ നിന്ന് 39ലേക്ക് രഹാനെ വന്നു. ഫോമില്‍ വലിയ വീഴ്ചയുണ്ടായി. അതിനര്‍ഥം സ്ഥിരത ഇല്ലെന്നാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സ്ഥിരത ഇല്ലാത്ത കളിക്കാര്‍ക്കെതിരെ ഉറപ്പായും ചോദ്യങ്ങള്‍ ഉയരണം എന്നും പാര്‍ഥീവ് പറഞ്ഞു. 

രഹാനെയുടെ സാങ്കേതികത്വത്തിലുണ്ടാവുന്ന വീഴ്ച നമ്മള്‍ കാണുകയാണ്. ഫ്രണ്ട് ഷോള്‍ഡര്‍ കൂടുതല്‍ ഓപ്പണ്‍ ആവുന്നതിലൂടെ ഫൂട്ട് വര്‍ക്കില്‍ പിഴയ്ക്കുന്നു. വലിയ സ്‌കോര്‍ കണ്ടെത്തി കഴിയുമ്പോള്‍ മാത്രമാണ് രഹാനെയെ കുറിച്ചുള്ള സംസാരം ആളുകള്‍ നിര്‍ത്തുക എന്നും അദ്ദേഹം പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റില്‍ നിന്ന് 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 15.57. എന്നാല്‍ രഹാനെയുടെ ബാറ്റിങ്ങിലേക്ക് ചൂണ്ടി ചര്‍ച്ചകളൊന്നും ടീമിനുള്ളില്‍ ഉയര്‍ന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com