സമ്മാനം വാങ്ങാൻ സമയം കിട്ടിയില്ല, ഇത് അവൾക്കുള്ളത്; യു എസ് ഓപ്പൺ കിരീടം ഭാര്യയ്ക്കെന്ന് മെദ് വദേവ്, വിഡിയോ 

21 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു റഷ്യൻ താരം യു എസ് ഓപ്പൺ ചാമ്പ്യനാകുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ കീഴടക്കി കരിയറിലെ കന്നി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റഷ്യയുടെ ഡാനിൽ  മെദ് വദേവ്. മത്സരത്തിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് 6-4, 6-4, 6-4 എന്ന സ്‌കോറിൽ ഒരു സെറ്റ് പോലും വിട്ടു നൽകാതെയാണ് യു എസ് ഓപ്പൺ നേടിയത്. താരത്തിന്റെ മൂന്നാം വിവാഹവാർഷിക ദിനത്തിലായിരുന്നു ഈ നേട്ടമെന്നതാണ് ജയത്തെ മെദ് വദേവിന് കൂടുതൽ പ്രിയങ്കരമാക്കുന്നത്.

"ഭാര്യയ്ക്കായി സമ്മാനമൊന്നും വാങ്ങാൻ സമയം കിട്ടിയിരുന്നില്ല അതുകൊണ്ട് കളി ജയിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു", മത്സരശേഷം മെദ് വദേവ് പറഞ്ഞു. "ഒരു വിശേഷമായ കാര്യം പറഞ്ഞുകൊണ്ടുവേണം എനിക്ക് അവസാനിപ്പിക്കാൻ. ഇന്ന് എന്റെയും ഭാര്യയുടെയും മൂന്നാം വിവാഹവാർഷികമാണ്. ടൂർണമെന്റിനിടെ എനിക്ക് സമ്മാനച്ചെക്കുറിച്ചൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. ഫൈനലിലേക്ക് പോയപ്പോൾ ഒരു സമ്മാനം ഉടൻ ഒപ്പിക്കണമെന്ന് ഞാൻ ചിന്തിച്ചു. ഫൈനലിൽ തോറ്റാൽ സമ്മാനം വാങ്ങാനായി സമയം കിട്ടില്ല, അതുകൊണ്ട് കളി ജയക്കുക തന്നെ വേണം എന്ന് ഞാൻ സ്വയം പറഞ്ഞു. ഐ ലവ് യൂ ദാഷാ",മെദ് വദേവ് പറഞ്ഞു. 

21 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു റഷ്യൻ താരം യു എസ് ഓപ്പൺ ചാമ്പ്യനാകുന്നത്. 2019 യുഎസ് ഓപ്പൺ ഫൈനലിൽ റഫാൽ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവിൽ കൈവിട്ട കിരീടം മെദ് വദേവ്  ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com