‘ഇസ്രയേൽ താരത്തെ നേരിടില്ല‘- ഒളിംപിക്സിൽ നിന്ന് പിൻമാറിയ ‍ജൂഡോ താരത്തിന് പത്ത് വർഷം വിലക്ക്

‘ഇസ്രയേൽ താരത്തെ നേരിടില്ല‘- ഒളിംപിക്സിൽ നിന്ന് പിൻമാറിയ ‍ജൂഡോ താരത്തിന് പത്ത് വർഷം വിലക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബുഡാപെസ്റ്റ്: ഇസ്രയേൽ താരവുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ടോക്യോ ഒളിംപിക്സിൽ നിന്ന് പിൻമാറിയ അൾജീരിയൻ ജൂഡോ താരത്തിനും പരശീലകനും പത്ത് വർഷത്തെ വിലക്ക്. മൂന്ന് തവണ ആഫ്രിക്കൻ ചാംപ്യനായ അൽജീരിയൻ താരം ഫെതി നൗറിനെയും പരിശീലകനെയുമാണു വിലക്കിയത്. രാജ്യാന്തര ജൂഡോ ഫെഡറേഷനാണ് വലക്കേർപ്പെടുത്തിയത്. 

30 കാരനായ ഫെതി, ഇസ്രയേൽ താരം തോഹാർ ബത്ബുല്ലിനെ നേരിടുന്നത് ഒഴിവാക്കാനാണ് ടോക്യോ ഒളിംപിക്സിൽ നിന്നു പിന്മാറിയത്. ജൂലൈ 24നു സുഡാനീസ് താരം മുഹമ്മദ് അബ്ദൽ റസൂലുമായായിരുന്നു ടോക്യോ ഒളിംപിക്സിലെ ഫെതിയുടെ ആദ്യ റൗണ്ട് പോരാട്ടം. എന്നാൽ ഈ മത്സരം ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേൽ താരത്തെ എതിരാളിയായി ലഭിക്കുമെന്നു വന്നതോടെയാണ് 73 കിലോഗ്രം വിഭാഗത്തിലെ മത്സരത്തിൽ നിന്ന് ഫെതി പിന്മാറിയത്. 

പലസ്ഥീൻ ജനതയ്ക്ക് ഐക്യദാർ‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ താരത്തിനെതിരായ മത്സരത്തിൽ നിന്നു പിന്മാറുകയാണെന്നു മത്സരത്തിനു നാല് ദിവസം മുൻപാണു ഫെതി വ്യക്തമാക്കിയത്. 

‘ഞാനും പരിശീലകനും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്നോടും എന്റെ കുടുംബാംഗങ്ങളോടും അൽജീരിയൻ ജനതയോടുമുള്ള ആദരവിവന്റെ ഭാഗമാണു തീരുമാനം. ഞങ്ങൾ പലസ്ഥീൻ ജനതയ്ക്കൊപ്പമാണ്’– പിൻമാറ്റത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. 

പിന്നാലെ ഫെതിയുടേയും പരിശീലകന്റെയും അംഗീകാരം റദ്ദാക്കിയ അൽജീരിയൻ ഒളിംപിക് കമ്മിറ്റി ഇരുവരെയും നാട്ടിലേക്കു തിരിച്ചയച്ചു. 2019ലെ ജൂഡോ ലോക ചാംപ്യൻഷിപ്പിൽ നിന്ന് ഇതേ കാരണത്താൽ പിന്മാറിയ താരമാണു ഫെതി. ഒളിംപിക് ചട്ടങ്ങളുടെ ലംഘനമാണു ഫെതി നടത്തിയത് എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ വിലക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com