'ക്രീസില്‍ തീ പടര്‍ത്തിയ യോര്‍ക്കറുകള്‍'- ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

'ക്രീസില്‍ തീ പടര്‍ത്തിയ യോര്‍ക്കറുകള്‍'- ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ശ്രീലങ്കയുടെ ഇതിഹാസ പേസ് ബൗളര്‍ ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ടി20യിലെ എക്കാലത്തേയും മികച്ച ബൗളറായാണ് 38കാരനായ താരം പരിഗണിക്കപ്പെടുന്നത്. 2014ല്‍ ടി20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്നു മലിംഗ. 

പ്രത്യേക തരത്തിലുള്ള ബൗളിങ് ആക്ഷനും തീ തുപ്പുന്ന യോര്‍ക്കറുകളുമായി ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ച ഉജ്ജ്വല ബൗളറാണ് മലിംഗ. സാമൂഹിക മാധ്യമങ്ങളിലിട്ട കുറിപ്പിലൂടെയാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

'എന്റെ ടി 20 ഷൂ ഊരി തൂക്കിയിടാന്‍ സമയമായിരിക്കുന്നു. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു! എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. വരും വര്‍ഷങ്ങളില്‍ യുവ ക്രിക്കറ്റ് താരങ്ങളുമായി എന്റെ അനുഭവം പങ്കിടാന്‍ കാത്തിരിക്കുന്നു'- മലിംഗ ട്വീറ്റ് ചെയ്തു.

'എന്റെ ടി 20 ബൗളിങ് ഷൂവിന് 100 ശതമാനം വിശ്രമം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഷൂ വിശ്രമിക്കുമ്പോള്‍, കളിയോടുള്ള എന്റെ സ്‌നേഹം ഒരിക്കലും വിശ്രമം ആവശ്യപ്പെടില്ല കുറിപ്പിനൊപ്പമുള്ള വീഡിയോയില്‍ മലിംഗ പറയുന്നു. 

ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ നേരത്തെ വിരമിച്ച മലിംഗ ടി20 ഫോര്‍മാറ്റില്‍ തുടരുന്നുണ്ടായിരുന്നു. 2020 മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് മലിംഗ ശ്രീലങ്കന്‍ ജേഴ്‌സിയില്‍ അവസാന ടി20 പോരാട്ടം കളിച്ചത്. 

എല്ലാ ഫോര്‍മാറ്റിലുമായി ശ്രീലങ്കയ്ക്കായി 546 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 84 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് 107 വിക്കറ്റുകളാണ് സമ്പാദ്യം. 226 ഏകദിന പോരാട്ടത്തില്‍ നിന്ന് 338 വിക്കറ്റുകള്‍ വീഴ്ത്തിയ മലിംഗ 30 ടെസ്റ്റ് പോരാട്ടങ്ങളില്‍ നിന്ന് വീഴ്ത്തിയത് 101 വിക്കറ്റുകള്‍.

അന്താരാഷ്ട്ര ടി20യില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ താരമായ മലിംഗ, ടി20 വിക്കറ്റ് വേട്ടയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2011ലാണ് മലിംഗ വിരമിച്ചത്. പിന്നാലെ ഏകദിനത്തിനോടും വിട ചൊല്ലി. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ലങ്കന്‍ ടീമില്‍ മലിംഗയ്ക്ക് ഇടമില്ലായിരുന്നു. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് മലിംഗ കളിച്ചിട്ടുള്ളത്. 122 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 177 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഐപിഎല്ലിലെ മികച്ച ബൗളിങില്‍ ഒന്നും മലിംഗയുടെ പേരിലാണ്. 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com