രോഹിത് ശര്‍മ ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ടീമിന്റെ നായകനാവുമോ? ജയ് ഷായുടെ പ്രതികരണം 

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

മുംബൈ: ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ നായക സ്ഥാനത്ത് മാറ്റം വരുത്തുന്നത് ആലോചിച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് തള്ളിയാണ് ഇപ്പോള്‍ ജയ് ഷായുടെ പ്രതികരണവും വരുന്നത്. 

ടീമില്‍ നിന്ന് മികച്ച പ്രകടനം വരുന്ന കാലത്തോളം ക്യാപ്റ്റന്‍സിയിലെ മാറ്റം ആലോചനയില്‍ ഇല്ലെന്നാണ് ജയ് ഷാ വ്യക്തമാക്കുന്നത്. കോഹ് ലി നായക സ്ഥാനം ഒഴിയുമെന്ന നിലയിലെ റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമലും തള്ളിയിരുന്നു. 

'ഇതെല്ലാം അസംബന്ധമാണ്. ക്യാപ്റ്റന്‍ സ്ഥാനം വിഭജിക്കുന്നത് സംബന്ധിച്ചാണ് നിങ്ങല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബിസിസിഐ ചര്‍ച്ച ചെയ്തിട്ടില്ല, ആലോചനയില്‍ പോലും ഉണ്ടായിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും വിരാട് ക്യാപ്റ്റനായി തുടരും' ധുമല്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ നായകത്വത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനും 2022, 2023 ലോകകപ്പുകളില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനുമായി കോഹ് ലി വൈറ്റ്‌ബോള്‍ ടീമിന്റെ നായക സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com