സുരക്ഷാ ഭീഷണിയെന്ന് സർക്കാർ; മത്സരത്തിന് തൊട്ടുമുൻപ് ടീമിനെ പിൻവലിച്ച് ന്യൂസിലൻഡ്; പാക് പര്യടനം ഉപേക്ഷിച്ചു

സുരക്ഷാ ഭീഷണിയെന്ന് സർക്കാർ; മത്സരത്തിന് തൊട്ടുമുൻപ് ടീമിനെ പിൻവലിച്ച് ന്യൂസിലൻഡ്; പാക് പര്യടനം ഉപേക്ഷിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: ആദ്യ പോരാട്ടത്തിന് ഇറങ്ങാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ പാകിസ്ഥാൻ പര്യടനം തന്നെ ഉപേക്ഷിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലൻഡ് ടീം പാകിസ്ഥാൻ പര്യടനത്തിന് എത്തിയത്. ടീം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ. മൂന്ന് വീതം മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന, ടി20 പരമ്പരകൾക്കായിട്ടാണ് ന്യൂസിലൻഡ് ടീം പാകിസ്ഥാനിലെത്തിയത്. 

ടീം പാകിസ്ഥാനിൽ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതായി ന്യൂസിലൻഡ് അധികൃതർ ടീമിനെ വിളിച്ച് അറിയിച്ചു. ഇതോടെയാണ് പര്യടനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് കിവി ക്രിക്കറ്റ് അധികൃതർ എത്തിയത്. 

പര്യടനം ഉപേക്ഷിക്കുകയാണെന്ന് ന്യൂസിലൻഡ് അധികൃതർ ഔദ്യോഗികമായി വിവരം അറിയിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. 
സുരക്ഷ സംബന്ധിച്ച് കാര്യങ്ങൾ നേരത്തെ തന്നെ ടീമുകൾക്ക് കൈമാറാറുണ്ട്. ന്യൂസിലൻഡ് ടീമിനും ഇത്തരത്തിൽ വിവരങ്ങൾ നൽകിയിരുന്നു എന്നാണ് പാക് ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കി.  

പര്യടനത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി സംസാരിച്ചു. പാകിസ്ഥാൻ സർക്കാർ ടീമിന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങൾ പാകിസ്ഥാനിൽ ലഭിക്കുമെന്നും വ്യക്തമാക്കി. 

എന്നാൽ ന്യൂസിലൻഡ് സർക്കാർ വാഗ്ദാനം നിരസിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിന്നാലെ ടീമിനെ പിൻവലിച്ച് പര്യടനം റദ്ദാക്കാൻ ക്രിക്കറ്റ് അധികൃതർക്ക് ന്യൂസിലൻഡ് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com