ഉജ്ജ്വല ബാറ്റിങ്ങുമായി ടീമിനെ കര കയറ്റി റുതുരാജ്; മുംബൈയ്ക്ക് മുന്നില്‍ 157 റണ്‍സ് വിജയ ലക്ഷ്യം വച്ച് ചെന്നൈ

ഉജ്ജ്വല ബാറ്റിങ്ങുമായി ടീമിനെ കര കയറ്റി റുതുരാജ്; മുംബൈയ്ക്ക് മുന്നില്‍ 157 റണ്‍സ് വിജയ ലക്ഷ്യം വച്ച് ചെന്നൈ
റുതുരാജിന്റെ ബാറ്റിങ്/ ട്വിറ്റർ
റുതുരാജിന്റെ ബാറ്റിങ്/ ട്വിറ്റർ

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 157 റണ്‍സ് ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയ അമ്പാട്ടി റായിഡുവിന് ആദം മില്‍നെയുടെ പന്ത് കൈയില്‍ കൊണ്ട് തുടക്കത്തില്‍ തന്നെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നതും അവര്‍ക്ക് മറ്റൊരു തിരിച്ചടിയായി മാറുകയും ചെയ്തു. 

ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ അവസരോചിതമായ ബാറ്റിങും ആറാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ നല്‍കിയ പിന്തുണയുമാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ചെന്നൈയെ കരകയറ്റിയത്. ഏഴാമനായി എത്തിയ ഡ്വെയ്ന്‍ ബ്രാവോയുടെ വെടിക്കെട്ട് ബാറ്റിങും ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.  

ഉജ്ജ്വല ബാറ്റിങുമായി റുതുരാജ് കളം നിറഞ്ഞു. 58 പന്തുകള്‍ നേരിട്ട താരം 88 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറുകളും നാല് സിക്‌സുകളും സഹിതമാണ് റുതുരാജിന്റെ ബാറ്റിങ്. ജഡേജ 33 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത് പുറത്തായി. ബ്രാവോ എട്ട് പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സുകള്‍ സഹിതം 23 റണ്‍സാണ് അടിച്ചെടുത്തത്. ശാര്‍ദുല്‍ ഠാക്കൂര്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈയ്ക്ക് ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലെസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയിന്‍ അലിയും കൂടാരം കയറി. രണ്ട് പേരും സംപൂജ്യരായാണ് മടങ്ങിയത്. അമ്പാട്ടി റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ സുരേഷ് റെയ്‌ന ഇറങ്ങി ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും അതും അധികം നീണ്ടില്ല. നാല് റണ്‍സുമായി ചിന്ന തലയും കൂടാരം കയറി. പിന്നാലെ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ധോനിയും മടങ്ങി. 

മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, ജസ്പ്രിത് ബുമ്‌റ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com