അഞ്ചുവിക്കറ്റുമായി അര്‍ഷ്ദീപ്; രാജസ്ഥാനെതിരെ പഞ്ചാബിന് 186 റണ്‍സ് വിജയലക്ഷ്യം

നിശ്ചിത ഓവറില്‍ രാജ്സ്ഥാന്‍ 185 റണ്‍സിന് എല്ലാവരും പുറത്തായി.
അഞ്ചുവിക്കറ്റെടുത്ത അര്‍ഷ്ദീപ്
അഞ്ചുവിക്കറ്റെടുത്ത അര്‍ഷ്ദീപ്

അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് വിജയലക്ഷ്യം 186 റണ്ഡസ്. നിശ്ചിത ഓവറില്‍ രാജ്സ്ഥാന്‍ 185 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത യശസ്വി ജയ്‌സ്‌വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തി. 

ജയ്‌സ്വാള്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ മധ്യ ഓവറുകളില്‍ ലോംറോര്‍ കത്തിക്കയറി. എന്നാല്‍ അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മറ്റ് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും 5.3 ഓവറില്‍ സ്‌കോര്‍ 54 റണ്‍സ് നേടി. 

എന്നാല്‍ മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് പഞ്ചാബിന് ആശ്വാസം പകര്‍ന്നു. 21 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത ലൂയിസിനെ അര്‍ഷ്ദീപ് മായങ്ക് അഗര്‍വാളിന്റെ കൈയ്യിലെത്തിച്ചു. ലൂയിസിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തു.  സഞ്ജു നാല് റണ്‍സ് എടുത്ത് മടങ്ങി. 

പിന്നീട് എത്തിയ ലിയാം ലിവിങ്സ്റ്റണ്‍ ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങിയതോടെ രാജസ്ഥാന്‍ സകോര്‍ കുതിച്ചു. 11 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 17 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ലിവിങ്സ്റ്റണെ അര്‍ഷ്ദീപ് ഫാബിയന്‍ അലന്റെ കൈയ്യിലെത്തിച്ചു. 

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന ജയ്‌സ്വാള്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് ഒരു റണ്‍ അകലെ യശസ്വി ജയ്‌സ്വാളും വീണു. 36 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്ത ജയ്‌സ്വാളിനെ ഹര്‍പ്രീത് ബ്രാര്‍ മായങ്ക് അഗര്‍വാളിന്റെ കൈയ്യിലെത്തിച്ചു. പിന്നീട് മഹിപാല്‍ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. തുടര്‍ച്ചയായി സിക്‌സുകള്‍ പായിച്ചുകൊണ്ട് ലോംറോര്‍ ടീം സ്‌കോര്‍ 150 കടത്തി. ദീപക് ഹൂഡയെറിഞ്ഞ 16ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 24 റണ്‍സാണ് ലോംറോര്‍ അടിച്ചെടുത്തത്. 

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് നാലോവറില്‍ 32 റണ്‍സ് വിട്ടുനല്‍കി അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഹര്‍പ്രീത് ബ്രാര്‍, ഇഷാന്‍ പോറെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. പഞ്ചാബിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം, ആദില്‍ റഷീദ് എന്നിവര്‍ അരങ്ങേറ്റം നടത്തി. രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണ്‍, എവിന്‍ ലൂയിസ് എന്നിവരും അരങ്ങേറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com