20,000 രാജ്യാന്തര റണ്‍സ് പിന്നിട്ട് മിതാലി രാജ്; ഓസീസിന് എതിരെ ഇന്ത്യയെ കരകയറ്റി അര്‍ധ ശതകം, തുടരെ അഞ്ചാമത്തേത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 10:26 AM  |  

Last Updated: 21st September 2021 10:32 AM  |   A+A-   |  

new-Mithali-Raj-ap

മിതാലി രാജ്/ഫയല്‍ ചിത്രം

 

ക്യൂന്‍സ്ലാന്‍ഡ്: രാജ്യാന്തര ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യയുടെ മിതാലി രാജ്. 20000 രാജ്യാന്തര റണ്‍സ് ആണ് മിതാലി തന്റെ റണ്‍ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലാണ് 20000 റണ്‍സ് എന്ന നേട്ടവും മിതാലി പിന്നിട്ടത്. 

ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തുടക്കത്തിലെ പതറിയപ്പോള്‍ മിതാലിയുടെ അര്‍ധ ശതകമാണ് താങ്ങായത്. മിതാലിയുടെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ ശതകമാണ് ഇത്. 107 പന്തില്‍ നിന്ന് 61 റണ്‍സ് കണ്ടെത്തിയാണ് മിതാലി മടങ്ങിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 38 റണ്‍സ് എടുത്തപ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. മിതാവിന്റെ അര്‍ധ ശതകത്തിന്റേയും 35 റണ്‍സ് എടുത്ത യാസ്തിക് ഭാട്ടിയയും റിച്ചാ ഘോഷും കണ്ടെത്തിയ റണ്‍സിന്റേയും ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് കണ്ടെത്തി.

51 പന്തില്‍ നിന്ന് 35 റണ്‍സ് ആണ് യാസ്തിക് ഭാട്ടിയ കണ്ടെത്തിയത്. റിച്ചാ ഘോഷ് 29 പന്തില്‍ നീന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 32 റണ്‍സ് നേടി. 226 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് മികച്ച തുടക്കം കണ്ടെത്താനായി. വിക്കറ്റ് നഷ്ടപ്പെടാതെ ഇവര്‍ ഓപ്പണിങ്ങില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി.