'ദൈവം നല്‍കിയ കഴിവ് നശിപ്പിക്കുകയാണ് സഞ്ജു'; വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍

'ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോഴും അത് അങ്ങനെ തന്നെയാണ്'
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍, ട്വിറ്റര്‍
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍, ട്വിറ്റര്‍

ദുബായ്: പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നാണ് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോഴും അത് അങ്ങനെ തന്നെയാണ്. ഓപ്പണറായല്ല സഞ്ജു കളിക്കുന്നത്. മൂന്നാമനായോ നാലാമനായോ ആണ് സഞ്ജു ക്രീസിലേക്ക് വരുന്നത്. എന്നാല്‍ നേരിടുന്ന ആദ്യ പന്ത് തന്നെ ഇവിടെ സിക്‌സ് പറത്താനാണ് സഞ്ജുവിന്റെ ശ്രമം, ഗാവസ്‌കര്‍ പറഞ്ഞു. 

'ഒരു ബാറ്റ്‌സ്മാന്‍ അയാളുടെ ഫോമിന്റെ പാരമ്യത്തിലാണ് എങ്കില്‍ പോലും അതിന് കഴിയില്ല. തുടക്കത്തില്‍ സിംഗിളോ ഡബിളോ എടുത്ത് പതിയെ ആക്രമണത്തിലേക്ക് മാറാനാണ് ശ്രമിക്കേണ്ടത്. സഞ്ജു ഇപ്പോള്‍ ചെയ്യുന്നത് തന്റെ കഴിവിനോട് നീതി കാണിക്കാതിരിക്കുകയാണ്'. 

ദൈവം സഞ്ജുവിന് എല്ലാ കഴിവും നല്‍കി. എന്നാല്‍ സഞ്ജു ആ കഴിവ് നശിപ്പിച്ച് കളയുന്നു. ദേശിയ ടീമില്‍ സാന്നിധ്യം ഉറപ്പിക്കണം എങ്കില്‍ സഞ്ജു ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധ വെച്ച് മുന്‍പോട്ട് പോകണം എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

പഞ്ചാബിന് എതിരായ കളിയില്‍ നാല് റണ്‍സ് മാത്രം എടുത്താണ് സഞ്ജു മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ കളിയില്‍ സെഞ്ചുറിയോടെയാണ് സീസണിന് തുടക്കമിട്ടത്. എന്നാല്‍ ആ ഫോം നിലനിര്‍ത്താന്‍ താരത്തിനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com