ചെന്നൈയില്‍ നിന്ന് ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; തുടരെ ആറാം സീസണിലും റണ്‍വേട്ട 400 കടത്തി ധവാന്‍ 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ എട്ട് വിക്കറ്റ് ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ എട്ട് വിക്കറ്റ് ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചു. 

20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് ആണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കണ്ടെത്താനായത്. 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി വിജയം കണ്ടു. പരിക്കിന് ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യറാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 

41 പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സോടെ ശ്രേയസ് ഡല്‍ഹിയെ അനായാസം ജയം പിടിക്കാന്‍ സഹായിച്ചു. ശിഖര്‍ ധവാന്‍ 42 റണ്‍സ് നേടി. 21 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 35 റണ്‍സ് എടുത്ത് ഋഷഭ് പന്ത് ഡല്‍ഹിയുടെ ജയം വേഗത്തിലാക്കി. 

ഈ സീസണില്‍ 400 റണ്‍സ് ധവാന്‍ പിന്നിട്ടു. ഓറഞ്ച് ക്യാംപിനുള്ള പോരില്‍ കെ എല്‍ രാഹുലുമായുള്ള റണ്‍ അകലം 42ലേക്ക് കുറയ്ക്കാനും ധവാന് കഴിഞ്ഞു. 400ന് മുകളില്‍ ധവാന്‍ ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്തുന്ന ആറാമത്തെ സീസണാണ് ഇത്. 

നോര്‍ച്ചെയുടേയും റബാഡയുടേയും ബൗളിങ് ആണ് ഹൈദരാബാദിനെ തകര്‍ത്തത്. റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി. നോര്‍ച്ചേയും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എട്ട് കളിയില്‍ നിന്ന് ഒരു ജയം മാത്രമാണ് ഹൈദരാബാദിന്റെ അക്കൗണ്ടിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com