ഐപിഎല്ലിനായി ഓസ്‌ട്രേലിയക്കാര്‍ സ്വന്തം 'ഡിഎന്‍എ' വരെ തിരുത്തി; പണമാണ് എല്ലാം: റമീസ് രാജ

ഐപിഎല്ലിലെ പണത്തില്‍ കണ്ണുവെച്ച് സ്വന്തം ഡിഎന്‍എ വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: ഐപിഎല്ലിലെ പണത്തില്‍ കണ്ണുവെച്ച് സ്വന്തം ഡിഎന്‍എ വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. തങ്ങളുടെ ഐപിഎല്‍ കരാര്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ കളിക്കാന്‍ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും ഒളിച്ചു വയ്ക്കുകയാണ് എന്ന് റമീസ് രാജ പറഞ്ഞു.

പണത്തിന് വേണ്ടി സ്വന്തം ഡിഎന്‍എ വരെ തിരുത്തുന്നവരാണ് ഓസീസ് കളിക്കാര്‍. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അവര്‍ സന്തോഷവാന്മാരാണ്. അവരുടെ ആക്രമണോത്സുകത അവര്‍ മാറ്റി വയ്ക്കുന്നു. പണമാണ് അവരെ ആകര്‍ഷിക്കുന്നത്. ഐപിഎല്‍ കരാര്‍ സംരക്ഷിക്കാനുള്ള സമ്മര്‍ദം അവര്‍ നേരിടുന്നു. 

പാകിസ്ഥാനില്‍ വന്ന ന്യൂസിലാന്‍ഡ് പരമ്പര ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. ഇംഗ്ലണ്ടും അതേ വഴി തന്നെ പിന്തുടര്‍ന്നു.  പാകിസ്ഥാനോട് രണ്ട് ടീമും തെറ്റാണ് ചെയ്തത് എന്നും റമീസ് രാജ പറഞ്ഞു. പാകിസ്ഥാന് എതിരായ ആദ്യ ഏകദിനത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ന്യൂസിലാന്‍ഡ് ടീം പര്യടനത്തില്‍ നിന്ന് പിന്മാറിയത്. 

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് ന്യൂസിലാന്‍ഡ് ടീം പാകിസ്ഥാനില്‍ നിന്ന് തിരികെ പോവുകയായിരുന്നു. പിന്നാലെ ഇംഗ്ലണ്ടും പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡിന്റെ പിന്മാറ്റത്തിന് പിന്നില്‍ അന്താരാഷ്ട്ര തലത്തില്‍ ഗൂഡാലോചന നടക്കുന്നുണ്ട് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com