10 ലക്ഷം രൂപയ്ക്ക് വേണ്ടി ഞാന്‍ എന്തിന് അങ്ങനെ ചെയ്യണം? 2013ലെ ഒത്തുകളി വിവാദത്തില്‍ എസ് ശ്രീശാന്ത് 

10 ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ശ്രീശാന്ത് ചോദിച്ചു
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2013ലെ വാതുവയ്പ്പ് വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. 10 ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ശ്രീശാന്ത് ചോദിച്ചു. 

വാതുവയ്പ്പ് വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് എറിഞ്ഞത്, സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. 

ഇറാനി ട്രോഫി കളിച്ച് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇടം നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. അങ്ങനെ ലക്ഷ്യമുള്ള ഒരാള്‍ എന്തിന് ഇങ്ങനെ ചെയ്യുന്നു? അതും 10 ലക്ഷം രൂപയ്ക്ക് വേണ്ടി. ഞാന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്‍ വരെ 2 ലക്ഷം രൂപയാണ്. 

എല്ലാ പേയ്‌മെന്റുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടെ എല്ലാം പ്രാര്‍ഥനകളാണ് ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ എന്നെ സഹായിച്ചത്, ശ്രീശാന്ത് പറഞ്ഞു. 

27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി20യുമാണ് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിച്ചത്. 169 രാജ്യാന്തര വിക്കറ്റും ശ്രീശാന്തിന്റെ അക്കൗണ്ടിലുണ്ട്. വാതുവയ്പ്പിനെ തുടര്‍ന്ന് ആജിവനാന്ത വിലക്ക് നേരിട്ടെങ്കിലും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിസിസിഐക്ക് ഇത് പിന്‍വലിക്കേണ്ടതായി വന്നു. വിലക്ക് കാലാവധി കഴിഞ്ഞ ശ്രീശാന്ത് കേരള ടീമില്‍ ഇടംപിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com