കേമന്മാര്‍ ഇറ്റലിയോ അര്‍ജന്റീനയോ? വമ്പന്‍ പോര് വരുന്നു; യുവേഫ-കോണ്‍മെബോള്‍ ധാരണയിലെത്തി

യുവേഫയും കോണ്‍മെബോളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് മത്സരം നടത്താന്‍ തീരുമാനമായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

യൂറോ കപ്പ് ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളും തമ്മില്‍ ഏറ്റുമുട്ടും. യുവേഫയും കോണ്‍മെബോളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് മത്സരം നടത്താന്‍ തീരുമാനമായത്. 

2022 ജൂണിലായിരിക്കും വമ്പന്മാരുടെ പോര്. കോപ്പ അമേരിക്കയും യൂറോ കപ്പും കഴിഞ്ഞതിന് പിന്നാലെ ഇറ്റലി-അര്‍ജന്റീന പോര് വരുമെന്ന് സൂചനകള്‍ ഉയര്‍ന്നിരുന്നു. ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇറ്റലി യൂറോ കപ്പ് ജേതാക്കളായത്. 

രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ലോകകപ്പ് നടത്താനുള്ള സാധ്യത ഫിഫ പരിശോധിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇറ്റലി-അര്‍ജന്റീന പോരാട്ടത്തില്‍ യുവേഫയും കോണ്‍മെബോളും ധാരണയില്‍ എത്തിയത്. സൂപ്പര്‍ കപ്പ് എന്ന പേരില്‍ അര്‍ജന്റീന-ഇറ്റലി മത്സരം നടത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. 

നേരത്തെ ഇരു കോണ്‍ഫെഡറേഷന്‍ ടൂര്‍ണമെന്റിലേയും ജേതാക്കള്‍ ഫിഫ കോണ്‍ഫെഡറേഷനില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. 2017ലാണ് കോണ്‍ഫെഡറേഷന്‍ കപ്പ് അവസാനമായി നടന്നത്. അവിടെ ജര്‍മനി ജയം പിടിച്ചു.

2022ലെ ഖത്തര്‍ ലോകകപ്പിന് മുന്‍പ് അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഇറ്റലിക്കെതിരായ പോരിലും മെസി അര്‍ജന്റീനയെ നയിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത് ആദ്യമായല്ല യൂറോപ്യന്‍സൗത്ത് അമേരിക്കന്‍ ജേതാക്കള്‍ ഏറ്റുമുട്ടുന്നത്. ആര്‍തെമിയോ ഫ്രാഞ്ചി ട്രോഫിയില്‍ യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും ഏറ്റുമുട്ടിയിരുന്നു. 1985ലും 1993ലുമാണ് ഇത് നടന്നത്. ഉറുഗ്വേയെ തോല്‍പ്പിച്ച് ഫ്രാന്‍ഡ് 1985ല്‍ ജയിച്ചു. 1993ല്‍ അര്‍ജന്റീന ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com