അഞ്ചാം ജയം ആഘോഷിച്ച് ബാംഗ്ലൂർ; സൂപ്പർ ജയന്റ്സിനെ 18 റൺസിന് കീഴടക്കി 

നാലു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സൽവുഡാണ് സൂപ്പർ ജയന്റ്‌സിനെ വരിഞ്ഞുമുറുക്കിയത്
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജോഷ് ഹെയ്‌സൽവുഡ്/ ചിത്രം: ട്വിറ്റർ
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജോഷ് ഹെയ്‌സൽവുഡ്/ ചിത്രം: ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 18 റൺസിന് ജയിച്ച ബാം​ഗ്ലൂരിന്റെ സീസണിലെ അഞ്ചാം ജയമാണിത്. ബാംഗ്ലൂർ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ ജയന്റ്‌സിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ വെറും 25 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സൽവുഡാണ് സൂപ്പർ ജയന്റ്‌സിനെ വരിഞ്ഞുമുറുക്കിയത്.   

ബാറ്റിങ്ങ് തുടങ്ങിയ സൂപ്പർ ജയന്റ്‌സിന് മൂന്നാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. ഓപ്പണർ ക്വിന്റൺ ഡിക്കോക്കിനെ (3) നഷ്ടമായി. തുടർന്നെത്തിയ മനീഷ് പാണ്ഡെയും (6) അതിവേ​ഗം പുറത്തായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ കെ എൽ രാഹുൽ - ക്രുണാൽ പാണ്ഡ്യ സഖ്യം സ്‌കോർ 64ൽ എത്തിച്ചു. 24 പന്തിൽ നിന്ന് 30 റൺസെടുത്താണ് രാഹുൽ പുറ‌ത്തായത്. 13-ാം ഓവറിൽ 13 റൺസുമായി ഹൂഡയും മടങ്ങി. തൊട്ടടുത്ത ഓവറിൽ ക്രുണാലും മടങ്ങിയതോടെ സൂപ്പർ ജയന്റ്‌സിന്റെ നില പരുങ്ങലിലായി. 28 പന്തിൽ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 42 റൺസെടുത്താണ് ക്രുണാൽ പുറത്തായത്. 

15 പന്തിൽ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 24 റൺസെടുത്ത മാർക്കസ് സ്‌റ്റോയ്‌നിസും എട്ടു പന്തിൽ നിന്ന് 16 റൺസെടുത്ത് ജേസൺ ഹോൾഡറും പൊരുതിയെങ്കിലും സൂപ്പർ ജയന്റ്സിന് ജയത്തിലെത്താൻ അത് മതിയായില്ല. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് കണ്ടെത്തിയത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ കിടിലൻ ബാറ്റിങാണ് ആർസിബിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഡുപ്ലെസി 64 പന്തുകൾ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം 96 റൺസ് കണ്ടെത്തി. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com