സിക്കന്ദര്‍ റാസയുടെ സെഞ്ച്വറി പാഴായി; സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

സിംബാബ്‌വെയ്ക്ക് എതിരായ ഏകദിനപരമ്പരയിലെ അവസാനമല്‍സരത്തിലും ഇന്ത്യയ്ക്ക് ജയം
ഇന്ത്യയുടെ വിജയാഹ്ലാദ പ്രകടനം, image credit: BCCI
ഇന്ത്യയുടെ വിജയാഹ്ലാദ പ്രകടനം, image credit: BCCI

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ഏകദിനപരമ്പരയിലെ അവസാനമല്‍സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 290 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ പൊരുതിയാണ് തോറ്റത്. സെഞ്ച്വറിയടിച്ച സിക്കന്ദര്‍ റാസയുടെ നേതൃത്വത്തില്‍ അവസാന നിമിഷം വരെ ജയിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചാണ് സിംബാബ്‌വെയുടെ മടക്കം. 49.3 ഓവറില്‍ ജയത്തിന് 14 റണ്‍സ് അകലെ വച്ച് സിംബാബ്‌വെയുടെ ബാറ്റര്‍മാര്‍ കൂടാരം കയറി. 95 പന്തില്‍ 115 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ് വെയുടെ ടോപ് സ്‌കോറര്‍.

യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ഏകദിനത്തിലെ കന്നി സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തത്. ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി.

വണ്‍ ഡൗണായി ക്രീസിലെത്തിയ ഗില്‍ 82 പന്തില്‍നിന്നാണ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. 15 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്. 97 പന്തില്‍ 130 റണ്‍സെടുത്ത ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് പുറത്തായത്.

വ്യക്തിഗത സ്‌കോര്‍ 128 റണ്‍സ് പിന്നിട്ടതോടെ ഏകദിനങ്ങളില്‍ സിംബാബ്വെയില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും ഗില്‍ സ്വന്തം പേരിലാക്കി. സിംബാബ്വെയിലെ ഏകദിന റണ്‍വേട്ടയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയായത്. 1998ല്‍ ബുലവായോയില്‍ സച്ചിന്‍ നേടിയ 127 റണ്‍സാണ് ഗില്‍ മറികടന്നത്.

61 പന്തുകള്‍ നേരിട്ട ഇഷാന്‍ 50 റണ്‍സെടുത്ത് റണ്ണൗട്ടായി. ധവാന്‍ 68 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ നായകന്‍ രാഹുല്‍ 46 പന്തില്‍ 30 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ 12 പന്തില്‍ 15 റണ്‍സെടുത്തു പുറത്തായി. ഷാര്‍ദൂല്‍ ഠാക്കൂര്‍ (ഒന്‍പത്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാന്‍സ് അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com