പഠിച്ച പണി പതിനെട്ടും പയറ്റി ബയേൺ താരങ്ങൾ; വൻ മതിലായി യാൻ സോമ്മർ; 19 സേവുകൾ! അലയൻസ് അരീന കണ്ട അപാരത (വീഡിയോ)

പല വിധത്തിൽ വന്ന 19 ഷോട്ടുകളാണ് സോമ്മർ നിഷ്പ്രഭമാക്കിയത്. ഇതിൽ തന്നെ 11എണ്ണം ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലീ​ഗയിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് മോൺചെൻ​ഗ്ലെഡ്ബാച് കരുത്തു കാണിച്ചപ്പോൾ കൈയടി മുഴുവൻ കിട്ടിയത് ​ഗോൾ കീപ്പർ യാൻ സോമ്മറിനാണ്. അലയൻസ് അരീനയിൽ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ബയേണിന്റെ ​ഗോളടിക്കാനുള്ള എല്ലാ ശ്രമങ്ങളും അവിശ്വസനീയമാം വിധം തട്ടിയകറ്റിയാണ് മോൺചെൻ​ഗ്ലെഡ്ബാച് ​ഗോൾ കീപ്പർ മാഹമേരുവായി നിന്നത്. 

ഒന്നും രണ്ടും ശ്രമങ്ങളല്ല താരം തടുത്തത്. പല വിധത്തിൽ വന്ന 19 ഷോട്ടുകളാണ് സോമ്മർ നിഷ്പ്രഭമാക്കിയത്. ഇതിൽ തന്നെ 11എണ്ണം ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. 33 ഷോട്ടുകളാണ് മത്സരത്തിൽ ബയേൺ എതിർ പോസ്റ്റിലേക്ക് തൊടുത്തത്. ഇതിൽ 20 എണ്ണം ഓൺ ടാർ​ഗറ്റ്. കളിയുടെ 43ാം മിനിറ്റിൽ മോൺചെൻ​ഗ്ലെഡ്ബാച് ലീഡ് സ്വന്തമാക്കിയപ്പോൾ ബയേണിന് സമനിലയെങ്കിലും നേടാൻ 83ാം മിനിറ്റ് വരെ കാക്കേണ്ടി വന്നു. ജമാൽ മുസിയാലയുടെ അസിസ്റ്റിൽ ലിറോയ് സനെയാണ് ബയേണിന് ആശ്വസ സമനില സമ്മാനിച്ചത്. ഈയൊരൊറ്റ തവണയാണ് സോമ്മർ അടിയറവ് പറഞ്ഞത് എന്ന് ചുരുക്കം. 

താരത്തിന്റെ പ്രകടനം റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. ഒരു മത്സരത്തിൽ ഒരു ​ഗോൾകീപ്പർ ഇത്രയും സേവുകൾ നടത്തുന്നത് ആദ്യമാണ്. 19 സേവുകൾ. അതിൽ 11 എണ്ണം ബോക്‌സിനുള്ളിൽ നിന്ന്. നാല് ക്ലിയറൻസുകൾ. രണ്ട് പഞ്ചുകൾ. ഒരു ഹൈ ക്ലെയിം. 74 ടച്ചുകൾ. സോഫ സ്‌കോർ റേറ്റിങ് പത്തിൽ പത്ത്. താരത്തിന്റെ മൊത്തം പ്രകടനം ഇങ്ങനെയായിരുന്നു. 2005ൽ ഡാറ്റാ ശേഖരിച്ച് തുടങ്ങിയ ശേഷം ഒരു മത്സരത്തിൽ ഒരു ഗോൾ കീപ്പർ നടത്തുന്ന ഏറ്റവും കൂടുതൽ സേവുകൾ ആണ് സോമ്മർ നടത്തിയത്. സമീപ കാലത്ത് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ​ഗോൾ കീപ്പിങ് പ്രകടനത്തിനാണ് മ്യൂണിക്കിലെ അലയൻസ് അരീന സാക്ഷ്യം വഹിച്ചത്. 

മത്സരത്തിൽ 35ാം മിനിറ്റിൽ സാദിയോ മാനെ സോമ്മറിനെ മറികടന്നു എങ്കിലും വാർ ഇത് ഓഫ് സൈഡ് ആയി കണ്ടത്തി. 43ാം മിനിറ്റിൽ ഗോൾ കണ്ടത്തിയ മാർകസ് തുറാമാണ് ബയേണിനെ ഞെട്ടിച്ച് മോൺചെൻ​ഗ്ലെഡ്ബാചിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. ഫുട്ബോൾ ചരിത്രം എക്കാലത്തും ഓർത്തുവയ്ക്കുന്ന അസാധ്യ ​ഗോൾ കീപ്പിങ് പ്രകടനവുമായാണ് സ്വിസ് ​താരം കൂടിയായ യാൻ സോമ്മർ കളംവിട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com