ബെല്‍ജിയം പുറത്തേക്ക്;  പ്രീ ക്വാര്‍ട്ടറിൽ കടന്ന് മൊറോക്കോയും ക്രോയേഷ്യയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 07:37 AM  |  

Last Updated: 02nd December 2022 07:37 AM  |   A+A-   |  

MOROCCO

ഗ്രൂപ്പ് ചാമ്പ്യന്‍മാരായ സന്തോഷത്തിൽ കോച്ചിനെ എടുത്തുപൊക്കി മൊറോക്കോ താരങ്ങൾ/ ചിത്രം: എഎൻഐ

 

ദോഹ: വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഗോള്‍രഹിത സമനില വഴങ്ങി ബെല്‍ജിയം ലോകകപ്പിൽ നിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ​ക്രോയേഷ്യക്കെതിരെ ഗോളെന്നുറപ്പിച്ച പല അവസരങ്ങളും കളഞ്ഞുകുളിച്ചാണ് ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ പടിയിറക്കം. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയിന്റോടെ ക്രോയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിൽ കടന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മൊറോക്കോ ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. 

അവസരങ്ങള്‍ കൈവിട്ട് ബെല്‍ജിയം

കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയം മൂന്നാ സ്ഥാനം സ്വന്തമാക്കിയെങ്കിൽ ഇക്കുറി ​ഗ്രൂപ്പ ഘട്ടം പോലും കടക്കാനായില്ല. ആക്രമിച്ചു കളിച്ചെങ്കിലും ഒരിക്കൽ പോലും ​ഗോൾവല കുലുക്കാൻ ബെൽജിയത്തിനായില്ല. എങ്ങനെയും പ്രതിരോധിക്കുക എന്നത് മാത്രമായിരുന്നു ഇന്നലെ ക്രൊയേഷ്യയുടെ തന്ത്രം. രണ്ടാം പകുതിയില്‍ മാത്രം മൂന്ന് അവസരങ്ങളാണ്  ബെല്‍ജിയം മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാകുവിന് തുറന്നുകിട്ടിയത്. രണ്ട് തവണ ലുക്കാകുവിന്‍റെ ഷോട്ട് പുറത്തേക്ക് പോയി, ഒരു തവണ പോസ്റ്റും വില്ലനായി. 61 മിനിറ്റിലെ ലുക്കാകുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഗോളി പോലും ഇല്ലാതെ പോസ്റ്റില്‍ തുറന്ന അവസരം കിട്ടിയിട്ടും ഇത് മുതലെടുക്കാൻ ലുക്കാകുവിനായില്ല. ലുക്കാകുവിന്‍റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കായിരുന്നു. 

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൊറോക്കോ

കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരാ പ്രീ ക്വാർട്ടറിലെത്തിയത്. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ഹാകിം സിയെച്ചാണ് സ്കോർ ചെയ്തത്. പിന്നാലെ 23-ാം മിനിറ്റിൽ യൂസഫ് എന്‍ നെസ്യരി ലീഡ് ഉയർത്തി. 40-ാം മിനിറ്റില്‍ മൊറോക്കോയുടെ നയിഫ് അഗ്വേര്‍ഡ് സെല്‍ഫ് ഗോളടിച്ചത് കാനഡയ്ക്ക് ഒരു ​ഗോൾ സമ്മാനിച്ചു. പക്ഷെ പിന്നെ ​ഗോളടിക്കാൻ അനുവദിക്കാതെ കാനഡയെ പിടിച്ചുകെട്ടാൻ മൊറോക്കോയ്ക്കായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉദിച്ചുയർന്ന് ജപ്പാൻ, സ്പെയിനിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ; ജർമനി പുറത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ