എട്ട് റണ്ണിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍; മെഹിദി ഹസന്റെ പോരാട്ടം; ത്രില്ലറില്‍ ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശ്

ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന ദുര്‍ബലമായ ലക്ഷ്യം ബംഗ്ലാദേശ് 24 പന്തുകള്‍ ശേഷിക്കേ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് വിജയം പിടിച്ചത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ധാക്ക: വിജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ ഒറ്റ വിക്കറ്റിന് കീഴടക്കി ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം വിജയിച്ച് ബംഗ്ലാദേശ്. ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന ദുര്‍ബലമായ ലക്ഷ്യം ബംഗ്ലാദേശ് 24 പന്തുകള്‍ ശേഷിക്കേ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് വിജയം പിടിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് എല്ലാവരും പുറത്തായി. വിജയം തേടിയിറങ്ങിയ ബംഗ്ലദേശ് 46 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്താണ് ലക്ഷ്യം കണ്ടത്. 

ലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് മെഹിദി ഹസന്‍ നടത്തിയ ധീരോചിത പോരാട്ടമാണ് ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്തത്. താരം 39 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയ തീരത്തെത്തിച്ചത്. അവസാനക്കാരനായി ക്രീസിലെത്തിയ മുസ്തഫിസുര്‍ റഹ്മാനും പിടിച്ചു നിന്നതോടെയാണ് ബംഗ്ലാദേശ് വിജയം തൊട്ടത്. താരം 11 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 10 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ഓപ്പണറും ക്യാപ്റ്റനുമായ ലിറ്റന്‍ ദാസാണ് ടോപ് സ്‌കോറര്‍ താരം 41 റണ്‍സെടുത്തു. ഷാകിബ് അല്‍ ഹസന്‍ 29 റണ്‍സും കണ്ടെത്തി. അനമുല്‍ ഹഖ് (14), മുഷ്ഫിഖുര്‍ റഹിം (18), മഹ്മുദുല്ല (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്ന് ബാറ്റര്‍മാര്‍ സംപൂജ്യരായി മടങ്ങി. 

ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. സ്‌കോര്‍ 128ല്‍ അഞ്ചാം വിക്കറ്റും നഷ്മായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണ് അവര്‍ പ്രതിസന്ധിയിലായി. എട്ട് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് അവര്‍ ബലി കഴിച്ചത്. എന്നാല്‍ മെഹിദി ഹസന്‍ ചങ്കുറപ്പോടെ പൊരുതിയതോടെ കളി ഇന്ത്യ കൈവിട്ടു. 

മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് സെന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ദീപക് ചഹര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 70 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ മാത്രമാണ് തിളങ്ങിയത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും മുപ്പതിലേക്ക് സ്‌കോര്‍ എത്തിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ ടീം സ്‌കോര്‍ 23ല്‍ നില്‍ക്കുമ്പോള്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. 7 റണ്‍സ് മാത്രം എടുത്ത ധവാനെ മെഹിദി ഹസനാണ് ബൗള്‍ഡാക്കിയത്. 

ഇന്ത്യന്‍ സ്‌കോര്‍ 50ലേക്ക് എത്തും മുന്‍പേ നായകന്‍ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. 27 റണ്‍സ് മാത്രം എടുത്താണ് രോഹിത് മടങ്ങിയത്. അതേ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയേയും ഷാകിബ് അല്‍ ഹസന്‍ മടക്കി. 9 റണ്‍സ് മാത്രമാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. 

പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ മധ്യനിരയില്‍ പിടിച്ചു നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മറ്റൊരു താരത്തിനുമായില്ല. വാഷിങ്ടന്‍ സുന്ദര്‍ 19 റണ്‍സും ഷഹ്ബാസ് അഹ്മദും ദീപക് ചഹറും പൂജ്യത്തിന് പുറത്തായി. ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് റണ്‍സിനും മുഹമ്മദ് സിറാജ് 9 റണ്‍സിനും മടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com