ഇംഗ്ലണ്ട് ടീം ഹോട്ടലിന് സമീപം വെടിവെപ്പ്‌; സുരക്ഷാ പ്രശ്‌നമില്ലെന്ന് പാകിസ്ഥാന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 12:47 PM  |  

Last Updated: 09th December 2022 12:47 PM  |   A+A-   |  

england

ഫോട്ടോ: എഎഫ്പി

 

മുള്‍ട്ടാന്‍: പാകിസ്ഥാനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങുന്ന ഹോട്ടലിന് ഒരു കിമീ മാത്രം അകലെ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് സംഭവം. എന്നാല്‍ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മാറ്റമില്ലാതെ വെള്ളിയാഴ്ച തന്നെ ആരംഭിച്ചു. 

പ്രാദേശിക സംഘങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് വെടിയൊച്ചകള്‍ കേട്ടതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി. 

പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ വലിയ ശ്രമങ്ങള്‍ക്കൊടുവിലാണ് പാകിസ്ഥാനിലേക്ക് എത്താന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറായത്. ഈ സമയം സന്ദര്‍ശക ടീമുകള്‍ക്ക് ഒരുക്കിയിരിക്കുന്ന സുരക്ഷയില്‍ പിഴവുണ്ടായാല്‍ അത് പാക് ക്രിക്കറ്റിന് തിരിച്ചടിയാവും. 

2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതും പാകിസ്ഥാനാണ്

അടുത്ത വര്‍ഷം ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നടത്തുന്നതിന് എതിരെ ഇന്ത്യ എതിര്‍പ്പുന്നയിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടി പാകിസ്ഥാന് സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്താനാവില്ല. 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതും പാകിസ്ഥാനാണ്. 

ടെസ്റ്റിലേക്ക് വരുമ്പോള്‍ ആദ്യദിനം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്താന്‍ പൊരുതുകയാണ്. ഓപ്പണര്‍ സാക്ക് ക്രൗലിയെ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ബെന്‍ ഡക്കറ്റും ഒലെ പോപ്പും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. ബെന്‍ 49 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മടങ്ങി. പോപ്പ് അര്‍ധ ശതകം നേടി നില്‍ക്കുന്നു. 28 ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആറ് പൊസിഷനുകളില്‍ ഡി മരിയയെ കളിപ്പിച്ച വാന്‍ ഗാല്‍; 2014ലെ കണക്ക് വീട്ടാന്‍ ഇവര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ