ഇഷാന്‍ കിഷന്‍ ഇരട്ട ശതകത്തിലേക്ക്? തകര്‍ത്തടിച്ച് ഓപ്പണര്‍; കോഹ്‌ലിക്ക് അര്‍ധ ശതകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 01:42 PM  |  

Last Updated: 10th December 2022 01:42 PM  |   A+A-   |  

ishan_kishan_kohli

ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി/ഫോട്ടോ: ട്വിറ്റര്‍

 

ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇഷാന്‍ കിഷന് സെഞ്ചുറി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് എത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അഞ്ചാമത്തെ ഓവറില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. എന്നാല്‍ വിരാട് കോഹ് ലിയെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. 85 പന്തില്‍ നിന്നാണ് ഇഷാന്‍ മൂന്നക്കം കടന്നത്. ഇന്ത്യന്‍ സ്‌കോര്‍ 30 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 230ലേക്ക് എത്തിയപ്പോള്‍ 110 പന്തില്‍ നിന്ന് 170 റണ്‍സോടെ തകര്‍ത്തടിക്കുകയാണ് ഇന്ത്യയുടെ 24കാരന്‍ ഓപ്പണര്‍. 

വിരാട് കോഹ് ലി അര്‍ധ ശതകം കണ്ടെത്തി. 54 പന്തില്‍ നിന്നാണ് കോഹ് ലി 50 റണ്‍സിലെത്തിയത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്റെ ഏകദിനത്തിലെ 65ാമത്തെ അര്‍ധ ശതകമാണ് ഇത്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ രണ്ട് ഏകദിനവും തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമായി കഴിഞ്ഞു. ടെസ്റ്റിന് ഇറങ്ങും മുന്‍പ് മൂന്നാം ഏകദിനത്തില്‍ ആശ്വാസ ജയം ലക്ഷ്യമിടുകയാണ് ഇന്ത്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അര്‍ജന്റീനയിലെ നാലരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്, അവര്‍ സന്തോഷിക്കട്ടെ: എമിലിയാനോ മാര്‍ട്ടിനസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ