ഇങ്ങനെ പോയിട്ട് കാര്യമില്ല, ലക്ഷ്യം ഹാട്രിക്ക് കിരീടം; പരിശീലകനെ പുറത്താക്കി ഗോകുലം എഫ്‌സി

സ്പാനിഷ് പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസെ കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഈ സീസണില്‍ മുന്‍ കാമറൂണ്‍ താരമായ ടൊവയെ മുഖ്യ പരിശീലകനായി ഗോകുലം നിയമിച്ചത്
റിച്ചാർഡ് ടൊവ/ ട്വിറ്റർ
റിച്ചാർഡ് ടൊവ/ ട്വിറ്റർ

കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സി പരിശീലകനെ പുറത്താക്കി. സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് പരിശീലകന്‍ റിച്ചാര്‍ഡ് ടൊവയെ ക്ലബ് പുറത്താക്കിയത്. ഹാട്രിക്ക് കിരീടം ലക്ഷ്യമിടുന്ന ടീമിന്റെ നിലവിലെ സ്ഥിതി അതിന് കരുത്ത് പകരുന്ന തരത്തിലല്ല. ഇതോടെയാണ് ക്ലബ് കടുത്ത തീരുമാനം എടുത്തത്. 

സ്പാനിഷ് പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസെ കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഈ സീസണില്‍ മുന്‍ കാമറൂണ്‍ താരമായ ടൊവയെ മുഖ്യ പരിശീലകനായി ഗോകുലം നിയമിച്ചത്. സീസണില്‍ ഒന്‍പത് കളിയില്‍ നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്. 15 പോയിന്റുമായി ടീം നാലാം സ്ഥാനത്ത് നില്‍ക്കുന്നു. 19 പോയിന്റുകളുമായി ശ്രീനിധിയാണ് ഒന്നാം സ്ഥാനത്ത്. 

ഒറ്റ നോട്ടത്തില്‍ മോശമല്ലാത്ത മുന്നേറ്റം ടീം നടത്തുന്നുണ്ട്. എന്നാല്‍ ഈ പോക്ക് കിരീട നേട്ടത്തിന് ഉപകരിക്കില്ലെന്ന തിരിച്ചറിവാണ് പരിശീലകന്റെ പുറത്തേക്കുള്ള വാതില്‍ തുറന്നത്. 

ക്ലബും താനുമായി വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കി ടൊവ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടു. ഗോകുലം എഫ്‌സിയെ പരിശീലിപ്പിക്കാന്‍ തന്നെ തിരഞ്ഞെടുത്ത ക്ലബിന്റെ പ്രസിഡന്റിന് നന്ദി പറയുന്നു. ടീമിന് തുടര്‍ന്നും മികച്ച വിജയങ്ങളുണ്ടാകാന്‍ ആശംസിക്കുന്നു. 2023 മികച്ചതാവാനും ആശംസകള്‍- കുറിപ്പില്‍ ടൊവ വ്യക്തമാക്കി. 

കാമറൂണ്‍ അണ്ടര്‍ 17, 23 ടീമുകളെ നേരത്തെ പരിശീലിപ്പിച്ച കോച്ചാണ് ടൊവ. കാമറൂണ്‍ ക്ലബ് യൂണിയന്‍ ഡൗവാലയില്‍ നിന്നാണ് ഗോകുലത്തിലേക്ക് ടൊവ എത്തിയത്. പുതിയ പരിശീലകന്‍ ആരായിരിക്കുമെന്ന സൂചനകളൊന്നും ഗോകുലം പുറത്തുവിട്ടിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com