അമ്പയറുടെ കസേരയില്‍ തുടരെ അടിച്ചു, സ്വരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്ന് പുറത്താക്കി

ഡബിള്‍സ് മത്സരത്തിലെ തോല്‍വിക്ക് ശേഷം അമ്പയറുടെ ചെയറിലേക്ക് തുടരെ അടിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അകാപുല്‍കോ:മെക്‌സിക്കന്‍ ഓപ്പണില്‍ നിന്ന് ജര്‍മനിയുടെ ഒളിംപിക്‌സ് ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വരേവിനെ പുറത്താക്കി. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് വിരുദ്ധമായ പ്രവര്‍ത്തി ചൂണ്ടിയാണ് പുറത്താക്കല്‍. ഡബിള്‍സ് മത്സരത്തിലെ തോല്‍വിക്ക് ശേഷം അമ്പയറുടെ ചെയറിലേക്ക് തുടരെ അടിച്ചിരുന്നു. 

ബ്രസീല്‍ ടെന്നീസ് താരം മാര്‍സെലോ മെലോയ്ക്ക് ഒപ്പമുള്ള സഖ്യം 6-2,4-6(10-6) എന്ന സ്‌കോറിനാണ് ബ്രിട്ടീഷ് സഖ്യത്തോട് തോറ്റത്. മത്സരത്തിന് ശേഷം എതിര്‍ താരങ്ങള്‍ക്ക് കൈകൊടുത്ത് കഴിഞ്ഞാണ് സ്വരേവ് അമ്പയറുടെ ചെയറിന് അടുത്തെത്തി തുടരെ അടിച്ചത്. നേരിയ വ്യത്യാസത്തിനാണ് അമ്പയറുടെ കാലില്‍ സ്വരേവിന്റെ റാക്കറ്റ് കൊണ്ടുള്ള അടി ഏല്‍ക്കാതിരുന്നത്.

കളിക്കിടയിലെ അമ്പയറുടെ ലൈന്‍ കോളില്‍ സ്വരേവ് അസ്വസ്ഥനായിരുന്നു. ഇതിന്റെ ദേഷ്യമാണ് മത്സരത്തിന് ശേഷം താരം തീര്‍ത്തത്. സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ വിയര്‍പ്പൊഴുക്കിയാണ് നിലവിലെ ചാമ്പ്യനായ സ്വരേവ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. അമേരിക്കയുടെ ജെന്‍സന്‍ ബ്രൂക്ക്‌സ്‌ബൈയെ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ട പോരിന് ഒടുവിലാണ് സ്വരേവ് വീഴ്ത്തിയത്. 

ഒരു പ്രൊഫഷണല്‍ ടെന്നീസ് മത്സരത്തിലെ ഏറ്റവും വൈകി അവസാനിച്ച മത്സരമായും ഇത് മാറി. പ്രാദേശിക സമയം പുലര്‍ച്ചെ 4.54നാണ് മത്സരം അവസാനിച്ചത്. രണ്ടാം റൗണ്ടില്‍ സ്വരേവിനെ നേരിടേണ്ടിയിരുന്ന താരത്തിന് ഇനി നേരെ മൂന്നാം റൗണ്ടിലേക്ക് കടക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com