രണ്ട് ഗോളുകള്‍ അടിച്ച് ആദ്യം മുന്നില്‍; പിന്നാലെ തുടരെ രണ്ടെണ്ണം വഴങ്ങി; ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സമനില

രണ്ട് ഗോളുകള്‍ അടിച്ച് ആദ്യം മുന്നില്‍; പിന്നാലെ തുടരെ രണ്ടെണ്ണം വഴങ്ങി; ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സമനില
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഫത്തോര്‍ഡ: ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ കണ്ട ഇന്ത്യൻ സൂപ്പർ ലീ​ഗ് പോരാട്ടത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും സമനിലയില്‍ പിരിഞ്ഞു. പോരാട്ടം 2-2ന് സമനിലയില്‍ അവസാനിച്ചു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം സമനിലയാണ് ഇത്. രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് കൊമ്പന്‍മാര്‍ സമനില വഴങ്ങിയത്. 

കളിയുടെ ആദ്യ പകുതിയില്‍ മികച്ച ഗോളുകള്‍ കണ്ടെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ പിറന്നില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ അറ്റാക്കോടെയാണ് മത്സരം തുടങ്ങിയത്. അതിന്റെ ഫലം പത്താം മിനിറ്റില്‍ എത്തി. അഡ്രിയാന്‍ ലൂണ എടുത്ത ഒരു കോര്‍ണറില്‍ നിന്ന് പവര്‍ഫുള്‍ ഹെഡ്ഡറിലൂടെ ജീക്‌സണ്‍ സിങ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 

20ാം മിനിറ്റില്‍ ലൂണ  അത്ഭുത ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. 25വാര അകലെ നിന്ന് ലൂണ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മനോഹരമായി വലയില്‍ പതിച്ചു. സീസണില്‍ കണ്ട ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായി ലൂണയുടെ ഈ ഗോള്‍. താരത്തിന്റെ സീസണിലെ രണ്ടാം ഗോളാണിത്. 

ഈ ഗോള്‍ വന്ന് നാല് മിനിറ്റുകള്‍ക്ക് അകം ഗോവ ഒരു ഗോള്‍ മടക്കി. ഓര്‍ടിസ് മെന്‍ഡോസയാണ് ഗോവയ്ക്കായി ആദ്യം വല ചലിപ്പിച്ചത്. 38ാം മിനിറ്റില്‍ മറ്റൊരു അത്ഭുത ഗോള്‍ കൂടെ പിറന്നു. എഡു ബേഡിയ എടുത്ത കോര്‍ണര്‍ നേരെ വലയില്‍ കയറി. 

മത്സരത്തില്‍ മുന്നിലെത്താനുള്ള നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com