ആദ്യം ​ഗോൾ വഴങ്ങി, പിന്നെ തിരിച്ചടിച്ചു; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മൂന്നാം പോരിലും ജയമില്ലാതെ ചെൽസി; സൂപ്പർ പോരാട്ടം സമനില

ആദ്യം ​ഗോൾ വഴങ്ങി, പിന്നെ തിരിച്ചടിച്ചു; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മൂന്നാം പോരിലും ജയമില്ലാതെ ചെൽസി; സൂപ്പർ പോരാട്ടം സമനില
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർ പോരാട്ടം സമനിലയിൽ അവസാനിച്ചു. ചെൽസിയും ലിവർപൂളും തമ്മിൽ നേർക്കുനേർ വന്നപ്പോൾ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. ഒന്നാം പകുതിയിൽ രണ്ട് ​ഗോളുകൾ വഴങ്ങിയ ചെൽസി രണ്ടെണ്ണം തിരിച്ചടിച്ചാണ് സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സമനില പിടിച്ചത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടർച്ചയായ മൂന്നാം ലീഗ് മത്സരമാണ് ചെൽസിക്ക് വിജയിക്കാൻ ആവാത്തത്.

കളി തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ ലിവർപൂൾ ചെൽസിയെ ഞെട്ടിച്ചു. തുടക്കത്തിൽ പന്ത് ചെൽസിയാണ് നിയന്ത്രിച്ചത്. എന്നാൽ ഇതിന് വിപരീതമായാണ് ​ഗോൾ വന്നത്. ചെൽസിയുടെ യുവ ഡിഫൻഡർ ചലോബയുടെ ഒരു ഡിഫൻസീവ് ഹെഡ്ഡർ പാളിയത് മുതലാക്കിയാണ് ലിവർപൂൾ തുടക്കത്തിൽ തന്നെ ലീഡെടുത്തത്. ചലോബയുടെ പിഴവ് മുതലെടുത്ത് സാദിയോ മാനെയാണ് ലിവർപൂളിന് ​ഗോൾ സമ്മാനിച്ചത്.  ചെൽസി കീപ്പൻ മെൻഡിയെ ഡ്രിബിൾ ചെയ്ത് അകറ്റി ഒഴിഞ്ഞ വലയിലേക്ക് മാനെ പന്ത് എത്തിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് പ്രീമിയർ ലീ​ഗിൽ മാനെ ​ഗോൾ നേടുന്നത്. 

ചെൽസി കളിയിലേക്ക് തിരികെവരാൻ ശ്രമിക്കുന്നതിന്റെ ഇടയിലാണ് രണ്ടാം ​ഗോൾ വഴങ്ങിയത്. കളിയുടെ 26ാം മിനിറ്റിൽ മുഹമ്മദ് സല ലിവർപൂളിന്റെ ലീഡ് രണ്ടാക്കി.

എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ചെൽസി കളിയിലേക്ക് തിരികെ വന്നു. 42ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് കൊവാസിച് തൊടുത്ത വോളി വലയിലേക്ക് പതിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ ചെൽസി സമനിലയും പിടിച്ചു. ക്രിസ്റ്റ്യൻ പുലിസിച്ചാണ് ചെൽസിക്ക് സമനില സമ്മാനിച്ചത്. 

രണ്ടാം പകുതിയിൽ സലയുടെയും മാനെയുടെയും രണ്ട് മികച്ച ഷോട്ടുകൾ മെൻഡി സേവ് ചെയ്തു. മറുവശത്ത് പുലിസിചിന്റെ ഗോൾ ശ്രമം കെല്ലറും മികച്ച സേവിലൂടെ രക്ഷിച്ചു. സമനിലയോടെ 43 പോയിന്റുമായി ചെൽസി ലീഗിൽ രണ്ടാമതും 42 പോയിന്റുമായി ലിവർപൂൾ മൂന്നാമതുമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com