ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെല്‍സിയിലേക്ക്?... സാധ്യമാകാന്‍ കടമ്പകള്‍ ഏറെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 10:59 AM  |  

Last Updated: 05th July 2022 11:00 AM  |   A+A-   |  

cr7

ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പടിയിറങ്ങാന്‍ നോക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സി രംഗത്ത്. ടീം വിടാന്‍ തന്നെ അനുവദിക്കണമെന്ന ക്രിസ്റ്റ്യാനോയുടെ ആവശ്യത്തോട് മാഞ്ചസ്റ്റര്‍ അനുകൂലമായല്ല പ്രതികരിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എറിക് ടെന്‍ ഹാഗിന്റെ പരിശീലനത്തില്‍ കഴിഞ്ഞ ദിവസം ആദ്യ പരിശീലന ക്യാമ്പിനും അവര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ അന്ന് ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നില്ല. 

ചെല്‍സിയുടെ പുതിയ ഉടമ ടോഡ് ബോഹ്‌ലിയും ക്രിസ്റ്റിയാനോയുടെ ഏജന്റും തമ്മില്‍ നിരന്തരം വിഷയം ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്റ്റിയാനോയെപ്പോലെ ഒരു ഐക്കണ്‍ താരത്തെ കോടികള്‍ മുടക്കിയ ടീമിലെത്തിക്കുന്നതില്‍ ഉടമകള്‍ക്ക് താത്പര്യക്കുറവില്ല  എന്നതും പോര്‍ച്ചുഗല്‍ താരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 

അതേസമയം ചെല്‍സി കോച്ച് തോമസ് ടുക്കലിന്റെ താത്പര്യമായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. ടുക്കല്‍ ആരാധിക്കുന്ന താരം തന്നെയാണ് ക്രിസ്റ്റ്യാനോ. പക്ഷേ ടുക്കലിന്റെ ദീര്‍ഘകാല ചെല്‍സി പദ്ധതിയിലേക്ക് കരിയറിന്റെ സായാഹ്നത്തിലേക്ക് എത്തി നില്‍ക്കുന്ന ക്രിസ്റ്റ്യാനോ യോജിക്കുമോ എന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ടുക്കലും ക്രിസ്റ്റ്യാനോയും തമ്മില്‍ ചര്‍ച്ച  നടന്നാല്‍ മാത്രമായിരിക്കും ട്രാന്‍സ്ഫര്‍ സാധ്യമാകുക. 

കഴിഞ്ഞ സീസണിലാണ് ഇറ്റാലിയന്‍ കരുത്തരായ യുവന്റസില്‍ നിന്ന് അപ്രതീക്ഷിതമായി ക്രിസ്റ്റ്യാനോ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. ഈ സീസണില്‍ പക്ഷേ ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കാതെ വന്നതോടെ താരം ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 2023 വരെ കരാര്‍ ഉള്ളതിനാല്‍ താരത്തെ പോകാന്‍ ക്ലബ് അനുവദിച്ചില്ല. 

കഴിഞ്ഞ സീസണില്‍ 18 ഗോളുകള്‍ നേടി ടീമിന്റെ ടോപ് സ്‌കോററാകാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നു. ചെല്‍സിക്ക് മുന്‍പ് ബയേണ്‍ മ്യൂണിക്ക്, സ്‌പോട്ടിങ് ലിസ്ബന്‍ ടീമുകളുമായി ചേര്‍ത്തും ക്രിസ്റ്റിയാനോയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ വംശീയ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്; വിവാദം
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ