ലോര്‍ഡ്‌സില്‍ ഇന്ത്യ വീണു, ഇംഗ്ലണ്ടിന് 100 റണ്‍സ് ജയം; ആറ് വിക്കറ്റ് പിഴുത് റീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 06:33 AM  |  

Last Updated: 15th July 2022 06:33 AM  |   A+A-   |  

india_vs_england

ഫോട്ടോ: എഎഫ്പി

 

ലോര്‍ഡ്‌സ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 100 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട്. ലോര്‍ഡ്‌സില്‍ 247 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 146 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്ലീയാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്‍പി. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കി. 

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ 10 വിക്കറ്റ് ജയത്തിലേക്ക് എത്തിച്ച ഓപ്പണര്‍മാര്‍ ലോര്‍ഡ്‌സില്‍ പക്ഷേ 27 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ കൂടാരം കയറി. രോഹിത് ശര്‍മ 10 പന്തില്‍ ഡക്കായപ്പോള്‍ ധവാന്‍ 9 റണ്‍സിന് മടങ്ങി. 

ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിയിലേക്ക് വന്നെങ്കിലും വിരാട് കോഹ് ലി ഒരിക്കല്‍ കൂടി സ്‌കോര്‍ ഉയര്‍ത്താനാവാതെ മടങ്ങി. 25 പന്തില്‍ നിന്ന് 16 റണ്‍സ് എടുത്താണ് കോഹ് ലി മടങ്ങി. ഋഷഭ് പന്ത് 5 പന്തില്‍ ഡക്കായി. ഹര്‍ദിക് പാണ്ഡ്യ 27 റണ്‍സും ജഡേജ 29 റണ്‍സും മുഹമ്മദ് ഷമി 23 റണ്‍സും എടുത്തു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരുഘട്ടത്തില്‍ 148-6 എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ മൊയിന്‍ അലി ഡേവിഡ് വില്ലി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചു. 47 റണ്‍സ് എടുത്ത മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ചഹല്‍ നാല് വിക്കറ്റും ഹര്‍ദിക്കും ബുമ്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

കോഹ്‌ലിയും ബുമ്രയും ഇല്ല; രാഹുല്‍ തിരിച്ചെത്തി; വിന്‍ഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ