'മാനസികമായി പീഡിപ്പിക്കുന്നു, നേരിടുന്നത് കടുത്ത ഉപദ്രവങ്ങള്‍'- ഗുരുതര ആരോപണവുമായി ഇന്ത്യന്‍ ബോക്‌സര്‍ ലോവ്‌ലിന

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കടുത്ത ആരോപണങ്ങള്‍ താരം ഉന്നയിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങള്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹയ്ന്‍. ബോക്‌സിങില്‍ ഒളിംപിക്‌സ് വെങ്കലം നേടിയിട്ടുള്ള താരം തന്നെ ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. തന്നെയും പരിശീലകരേയും അസോസിയേഷന്‍ വേട്ടയാടുകയാണെന്നും താരം ആരോപിച്ചു. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കടുത്ത ആരോപണങ്ങള്‍ താരം ഉന്നയിച്ചത്. നിലവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് തയ്യാറെടുപ്പുകളുമായി ലോവ്‌ലിന ബിര്‍മിങ്ഹാമിലുണ്ട്. 

'വളരെയേറെ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് അങ്ങേയറ്റം വേദനയോടെയാണ് പറയേണ്ടി വരുന്നത്. രാഷ്ട്രീയ താത്പര്യങ്ങള്‍ കാരണം ഫെഡറേഷന്‍ പരിശീലനത്തിന് തടസം നില്‍ക്കുകയാണ്. ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ സഹായിച്ച എന്റെ പരിശീലകരേയും ഫെഡറേഷന്‍ വേട്ടയാടുകയാണ്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കൂടിയായ എന്റെ പരിശീലക സന്ധ്യ ഗുരുങ്ജിയെ ക്യാമ്പിലേക്ക് പരിഗണിക്കാന്‍ ഫെഡറേഷന്‍ താത്പര്യം കാണിച്ചില്ല. നിരവധി തവണ അഭ്യര്‍ത്ഥിച്ചതിന് ശേഷം മാത്രമാണ് അവര്‍ കോച്ചിനെ ഉള്‍പ്പെടുത്തിയത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു.'

'ഇത്തരം സമീപനങ്ങള്‍ എന്റെ ആത്മവിശ്വാസത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അസ്വസ്ഥത കാരണം പരിശീലനം തടസപ്പെടുന്നു. മാനസികമായി സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നു.' 

'ഇപ്പോള്‍ കോച്ചിന് കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ട് ദിവസമായി ഞാന്‍ പരിശീലനം നടത്തുന്നില്ല. ടീമിലുണ്ടായിരുന്ന രണ്ടാമത്തെ പരിശീലകനെ നിര്‍ബന്ധിച്ച് ഇന്ത്യയിലേക്ക് തന്നെ അയച്ചു'- ഉപദ്രവങ്ങളെ പറ്റി അവര്‍ കുറിപ്പില്‍ വിവരിക്കുന്നു.

നിര്‍ണായക മത്സരത്തിന് ഇറങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇടിക്കൂട്ടില്‍ ഇറങ്ങാന്‍ ആത്മവിശ്വാസം തിരിച്ചു പിടിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ ആരാധകരുടെ സഹായവും അവര്‍ അഭ്യര്‍ത്ഥിച്ചു. ഫെഡറേഷനിലെ വൃത്തികെട്ട രാഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ രാജ്യത്തിനായി മെഡല്‍ നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ലോവ്‌ലിന പറഞ്ഞു. 

ടോക്യോ ഒളിംപിക്‌സില്‍ വനിതകളുടെ 69 കിലോ വിഭാഗത്തിലാണ് ലോവ്‌ലിന വെങ്കലം ഇടിച്ച് നേടിയത്. ഒളിംപിക്‌സില്‍ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറുമാണ് ലോവ്‌ലിന.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com