റഷ്യ, യുക്രൈൻ ക്ലബ്ബുകളിലെ കളിക്കാർക്കും പരിശീലകർക്കും രാജ്യം വിടാം; കരാർ റദ്ദാക്കാൻ അനുവദിച്ച് ഫിഫ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 12:09 PM  |  

Last Updated: 09th March 2022 12:09 PM  |   A+A-   |  

AP18165569343841

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ റഷ്യ സൗദി അറേബ്യയെ നേരിടുന്നു

 

സൂറിച്ച്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ, യുക്രൈൻ ക്ലബ്ബുകളിലെ കളിക്കാർക്കും പരിശീലകർക്കും കരാർ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ. കരാർ താത്കാലികമായി റദ്ദാക്കി ഇവർക്ക് മറ്റെവിടേക്കെങ്കിലും മാറാമെന്ന് ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ അറിയിച്ചു. റഷ്യയിലെ ഫുട്‌ബോൾ സീസൺ അവസാനിക്കുന്ന ജൂൺ 30 വരെ കരാർ താത്കാലികമായി നിർത്തിവയ്ക്കാൻ വിദേശ കളിക്കാർക്കും പരിശീലകർക്കും അവകാശമുണ്ടെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു.

യുക്രൈനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്ലബുകളെ ഫിഫയും യുവേഫയും  വിലക്കിയിരുന്നു. രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് റഷ്യൻ ദേശീയ ടീമിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തിൽ പുതിയ തീരുമാനം കൈക്കൊണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേഷണം ചെയ്യുന്നതും നിർത്തി. റഷ്യയുമായുള്ള ബ്രോഡ്കാസ്റ്റ് ഡീൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. തീരുമാനം നിലവിൽ വന്നതോടെ, വ്യാഴാഴ്ച നടക്കുന്ന നാലു മത്സരങ്ങൾ അടക്കം റഷ്യയിൽ കാണാനാകില്ല.