"ഷഫാലി ഉടൻ ഫോം തിരിച്ചുപിടിക്കും, നെറ്റ്സിൽ നല്ല പ്രകടനം"; ലോകകപ്പ് പ്രതീക്ഷ അടിവരയിട്ട് ജുലന്‍ ഗോസ്വാമി 

വനിതകളുടെ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമാകാന്‍ ജുലന് രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ മതി
ഷഫാലി വര്‍മ, ജുലന്‍ ഗോസ്വാമി
ഷഫാലി വര്‍മ, ജുലന്‍ ഗോസ്വാമി

ന്യൂസിലാന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ നേട്ടത്തിലേക്ക് ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് താരം ഷഫാലി വര്‍മയുടെ ഫോമില്ലായ്മ ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ ഷഫാലി ഉടന്‍ ഫോം വീണ്ടെടുത്ത് തിരിച്ചെത്തുമെന്ന് പറയുകയാണ് ഇന്ത്യയുടെ പേസര്‍ ജുലന്‍ ഗോസ്വാമി. താരം നെറ്റ് പ്രാക്ടീസില്‍ നല്ല പ്രകടനമാണ് നടത്തുന്നതെന്നും ഒട്ടും വൈകാതെ ഫോമിലേക്കെത്തുമെന്നും ജുലന്‍ ഗോസ്വാമി പറഞ്ഞു. 

കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരം ഇന്ത്യ ജയിച്ചെങ്കിലും കളിയില്‍ ഷഫാലി പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ കുറച്ച് കളികളിലായി നിറം മങ്ങിയ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നതും. "ഷഫാലി അവളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞതാണ്. ഇതെല്ലാം എല്ലാ ക്രിക്കറ്റര്‍ക്കും സംഭവിക്കുന്നതാണ്. നെറ്റ് പ്രാക്ടീസില്‍ ഷഫാലി വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് എനിക്കുറപ്പാണ്. അവസരം കിട്ടിയാല്‍ അവള്‍ തിളങ്ങും,എനിക്കുറപ്പുണ്ട്", ജുലന്‍ പറഞ്ഞു. 

ന്യൂസിലാന്‍ഡിനെതിരായ അടുത്ത മത്സരം ഏറെ നിര്‍ണായകമാണെന്നും ശരിയായ ഇടത്ത് പന്തെറിയേണ്ടത് വളരെ പ്രധാനമാണെന്നും ജൂലിന്‍ പറഞ്ഞു. പൂജ, മേഘ്‌ന, രേണുക, സിമ്രാന്‍ ഒക്കെ അവസരം കിട്ടുമ്പോള്‍ അവരുടെ ജോലി നന്നായി നിറവേറ്റുന്നവരാണ്. ആ പ്രകടനം അവര്‍ തുടരുമെന്നാണ് എന്റെ പ്രതീക്ഷ. 

വനിതകളുടെ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമാകാന്‍ ജുലന് രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ മതി. 38 വിക്കറ്റുകളാണ് ജുലന്‍ ലോകകപ്പില്‍ നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റോണ്‍ ആണ് 39 വിക്കറ്റുകളുമായി ഒന്നാമതുള്ളത്. എന്നാല്‍ താന്‍ ഇതേക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്നാണ് അഭിമുഖത്തില്‍ ജുലന്‍ പറഞ്ഞത്. "ഒരു സീനിയര്‍ താരമെന്ന നിലയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് പ്രധാനം. ഇത് എന്റെ ജോലിയാണ്. ഞാന്‍ എന്റെ കടമ നിറവേറ്റാനാണ് ശ്രമിക്കുന്നത്. അതാണ് പ്രധാനം. ഒരുപാട് കളിച്ചാല്‍ വ്യക്തിഗതമായി നിരവധി നാഴികക്കല്ലുകള്‍ കീഴടക്കും, ആ നേട്ടങ്ങള്‍ എനിക്ക് സന്തോഷം നല്‍കുമെന്നത് ശരിയാണ്. പക്ഷെ എന്റെ സംഭാവനകള്‍ കൊണ്ട് ടീം ജയിക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ ആസ്വദിക്കുന്നത്. ഞാന്‍ ഒരു തികഞ്ഞ ടീം പ്ലേയറാണ് അതുകൊണ്ടുതന്നെ വ്യക്തിഗത നേട്ടങ്ങള്‍ എനിക്ക് വിഷയമല്ല", ജുലന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com