'ഞാനുണ്ടാവും ഒരു ആവശ്യം വന്നാല്‍ ധോനിക്ക് അരികില്‍ ആദ്യം, അങ്ങനെ ഒരു മനുഷ്യനായത് കൊണ്ടാണ്'; അകല്‍ച്ചയില്ലെന്ന് ഗംഭീര്‍ 

ധോനിക്ക് ഒരു ആവശ്യം വന്നാല്‍ ഏറ്റവും ആദ്യം അദ്ദേഹത്തിന്റെ അടുത്ത് താന്‍ ഉണ്ടാവും എന്നാണ് ഗംഭീര്‍ പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ധോനിയുമായി അകല്‍ച്ചയുണ്ടെന്ന നിലയിലെ വാദങ്ങള്‍ തള്ളി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ധോനിക്ക് ഒരു ആവശ്യം വന്നാല്‍ ഏറ്റവും ആദ്യം അദ്ദേഹത്തിന്റെ അടുത്ത് താന്‍ ഉണ്ടാവും എന്നാണ് ഗംഭീര്‍ പറയുന്നത്. 

ഞങ്ങള്‍ക്കിടയില്‍ വലിയ പരസ്പര ബഹുമാനമുണ്ട്. എല്ലായ്‌പ്പോഴും അത് അങ്ങനെ തന്നെയാവും. 138 കോടി ജനങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് എനിക്ക് പറയാനാവും, ധോനിക്ക് ജീവിതത്തില്‍ എപ്പോഴെങ്കിലും ആവശ്യമായി വന്നാല്‍, അങ്ങനെ ഉണ്ടാവില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഉണ്ടായാല്‍ ഞാനുണ്ടാവും ആദ്യം അദ്ദേഹത്തിന്റെ അടുത്ത്...ഗംഭീര്‍ പറയുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിനായി ധോനി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്

ഇന്ത്യന്‍ ക്രിക്കറ്റിനായി ധോനി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അത്. ഏത് വിധത്തിലുള്ള മനുഷ്യനാണ് ധോനി എന്ന് മനസിലാക്കുന്നതിനാലാണ് അത്. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. കളിയെ വ്യത്യസ്തമായാവാം കാണുന്നത്. ധോനി ക്യാപ്റ്റനായിരിക്കുമ്പോള്‍ ഞാന്‍ ആയിരുന്നു വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഞങ്ങള്‍ എതിര്‍ ചേരികളിലായിരുന്നു. പക്ഷേ ഞങ്ങള്‍ക്കിടയില്‍ വലിയ പരസ്പര ബഹുമാനമുണ്ട്, ഗംഭീര്‍ പറഞ്ഞു. 

ധോനിയും ഗംഭീറും ചേര്‍ന്നുള്ള കൂട്ടുകെട്ടായിരുന്നു 2011ലെ ഇന്ത്യയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ വിരമിച്ചതിന് ശേഷം ധോനിയെ പലവട്ടം വിമര്‍ശിച്ച് ഗംഭീര്‍ എത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായി തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഗംഭീര്‍ ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com