15 വര്‍ഷം മുന്‍പ് പിറന്ന മാസ്മരികത; വണ്‍ ടച്ച് പാസിലൂടെ വിരിഞ്ഞ കൗണ്ടര്‍ അറ്റാക്ക്; ആ ഗോള്‍ വീണ്ടും വൈറല്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2022 04:15 PM |
Last Updated: 29th March 2022 04:15 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
മാഡ്രിഡ്: ഫുട്‌ബോള്‍ മൈതാനത്തെ ചില ഗോള്‍ നിമിഷങ്ങള്‍ ആരാധകരുടെ മനസില്‍ നിന്ന് അത്രയെളുപ്പം മായില്ല. ചില ഗോളുകള്‍ വരുന്ന വഴിയും അത് ഫിനിഷ് ചെയ്യുന്ന രീതിയുമെല്ലാം ആരാധകരെ ആവേശത്തിലാക്കാറുണ്ട്. ഫുട്‌ബോളിന്റെ സൗന്ദര്യം എന്നു പറയുന്നത് അതിന്റെ അപ്രവചനീയതയാണ്. അത്തരത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെയുള്ള ഗോളുകളുടെ പിറവി ശ്രദ്ധേയമാകാറുണ്ട്. എല്ലാ കാലത്തും അതിന്റെ പുതുമ ഒരു തൂക്കം പോലും കുറയാതെ നില്‍ക്കാറുമുണ്ട്.
അത്തരത്തിലൊരു ഗോള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറന്ന മാസ്മരിക ഗോളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മില്‍ 2007ല്‍ നടന്ന മത്സരത്തിലാണ് ഈ ഗോളിന്റെ പിറവി. കൗണ്ടര്‍ അറ്റാക്കിലൂടെ പിറന്ന ഗോളാണിത്. വണ്‍ ടച്ച് പാസുകളുടെ അവസാനം ഹോളണ്ട് താരം റൂഡ് വാന്‍ നിസ്റ്റല്‍റൂയി ഉജ്ജ്വലമായ വോളിയിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. ക്ലിനിക്കല്‍ ഫിനിഷിങിന്റെ ഉദാഹരണം കൂടിയാണ് ഈ ഗോള്‍.
Golazo de Van Nistelrooy contra el Valencia. Jugada brutal al primer toque. pic.twitter.com/Q4zpmhRFxS
— Dani G (@dguerrero82) May 11, 2020
സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ വലന്‍സിയയുടെ ഗോള്‍ ശ്രമം അവസാനിപ്പിച്ച് ഗോള്‍ കീപ്പറായ ഇകര്‍ കാസിയസ് പന്ത് ഉടന്‍ തന്നെ നീട്ടി കൊടുക്കുന്നു. മൈക്കല്‍ സെല്‍ഗാഡോ, മഹമ്മദവു ദിയറ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, റൊബീഞ്ഞോ, ഫെര്‍ണാണ്ടോ ഗാഗോ, മിഗ്വേല്‍ ടോറസ് എന്നിവരുടെ വണ്‍ ടച്ച് പാസിലൂടെ ബോക്‌സില്‍ കാത്ത് നിന്ന് നിസ്റ്റല്‍റൂയിയിലേക്ക്. റൂയിയുടെ സുന്ദരമായ ഫിനിഷ്.
ഈ ഗോളില്‍ റയല്‍ മുന്നിലെത്തുന്നു. പിന്നാലെ വലന്‍സിയയുടെ സമനില ഗോള്‍. ഒടുവില്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ റയല്‍ മത്സരം 2-1ന് വിജയിച്ചു. റയലിനായ് നിസ്റ്റല്‍റൂയിയുടെ ആദ്യ സീസണായിരുന്നു അത്. ആ സീസണിലെ താരത്തിന്റെ 33ാം ഗോള്‍ കൂടിയാണ് അന്ന് പിറന്നത്.