ഓസ്‌ട്രേലിയയെ വീഴ്ത്തി ലോകകപ്പ് യോഗ്യത ആഘോഷിച്ച് സൗദി അറേബ്യ; ചരിത്രമെഴുതി വിയറ്റ്‌നാം, ജപ്പാനെ സമനിലയില്‍ കുരുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 01:37 PM  |  

Last Updated: 30th March 2022 03:11 PM  |   A+A-   |  

saudi_national_team

ഫോട്ടോ: ട്വിറ്റർ

 

ജിദ്ദ: ലോകകപ്പ് യോഗ്യത നേട്ടം ഓസ്‌ട്രേലിയക്കെതിരായ ജയത്തോടെ ആഘോഷിച്ച് സൗദി അറേബ്യ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നേരത്തെ ഓസ്‌ട്രേലിയ ജപ്പാനെ തോല്‍പ്പിച്ചതോടെ തന്നെ സൗദി ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചിരുന്നു. പിന്നാലെ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് സൗദി വീഴ്ത്തിയത്. 

ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ സൗദി അറേബ്യ. വിയറ്റ്‌നാമിനോട് ജപ്പാന്‍ സമനില വഴങ്ങിയതോടെയാണ് ഇത്. ചരിത്രം കുറിച്ചായിരുന്നു വിയറ്റ്‌നാം ജപ്പാനെ സമനിലയില്‍ കുരുക്കിയത്. ജപ്പാനെ സമനിലയില്‍ തളച്ചെങ്കിലും വിയറ്റ്‌നാമിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചു. 
രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി സലീം അല്‍ ദവാസരി വലയിലെത്തിച്ചതിന്റെ ബലത്തിലാണ് സൗദിയുടെ ജയം. കളിയില്‍ ഓസ്‌ട്രേലിയ വല കുലുക്കിയെങ്കിലും വാറില്‍ തട്ടി അകലുകയായിരുന്നു.

യുഎഇയ്ക്ക് ടിക്കറ്റ് ഉറപ്പിക്കാന്‍ ഓസ്‌ട്രേലിയയുമായി പ്ലേഓഫ്‌

10 കളിയില്‍ നിന്ന് 23 പോയിന്റാണ് ഗ്രൂപ്പ് ബിയില്‍ സൗദിക്കുള്ളത്. രണ്ടാമതുള്ള ജപ്പാന് 22 പോയിന്റും. 15 പോയിന്റോടെയാണ് ഓസ്‌ട്രേലിയ മൂന്നാമത്. ഗ്രൂപ്പ് എയില്‍ നിന്ന് ഇറാനും സൗത്ത് കൊറിയയുമാണ് ഖത്തറിലേക്ക് പോകുന്നത്. ലോകകപ്പ് യോഗ്യത നേടാന്‍ ഗ്രൂപ്പ് എയിലെ യുഎഇ ഇനി ഗ്രൂപ്പ് ബിയിലെ ഓസ്‌ട്രേലിയയുമായി പ്ലേഓഫ് കളിക്കണം.