പൊരുതി നിന്ന് മിച്ചല്‍ മാര്‍ഷ്; നില ഭദ്രമാക്കാന്‍ പഞ്ചാബിന് വേണം 160 റണ്‍സ്

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ വാര്‍ണറെ നഷ്ടമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന് മുന്നില്‍ 160 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് കണ്ടെത്തി. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ വാര്‍ണറെ നഷ്ടമായി. ഒന്നാം ഓവര്‍ എറിഞ്ഞ ലിയാം ലിവിങ്‌സ്റ്റണിന്റെ ആദ്യ പന്തില്‍ വാര്‍ണര്‍ രാഹുല്‍ ചഹറിന് പിടി നല്‍കി ഗോള്‍ഡന്‍ ഡക്കായി. 

രണ്ടാമനായി ക്രീസിലെത്തിയ ഓസീസ് താരം തന്നെയായ മിച്ചല്‍ മാര്‍ഷ് ഒരിക്കല്‍ കൂടി ഡല്‍ഹിയുടെ രക്ഷകനായി. 48 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം മാര്‍ഷ് 63 റണ്‍സ് വാരിയതോടെയാണ് ഡല്‍ഹി ഈ നിലയില്‍ സ്‌കോര്‍ ചെയ്തത്. 

വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്ത സര്‍ഫ്രാസ് ഖാനും മികച്ച ബാറ്റിങ് പുറത്തെടുത്തു. 16 പന്തില്‍ 32 റണ്‍സെടുത്ത് സര്‍ഫ്രാസ് മാര്‍ഷിന് മികച്ച പിന്തുണ നല്‍കി. അഞ്ച് ഫോറും ഒരു സിക്‌സും താരം പറത്തി. 

നാലാമനായി ക്രീസിലെത്തിയ ലളിത് യാദവും അല്‍പ്പ നേരം പിടിച്ചു നിന്നു. താരം 21 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 24 റണ്‍സെടുത്തു. 

പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് (ഏഴ്), റോവ്മന്‍ പവല്‍ (രണ്ട്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. പിന്നീട് എത്തിയ അക്ഷര്‍ പട്ടേലും വ്യക്തിഗത സ്‌കോര്‍ രണ്ടക്കം കടന്നത്. 17 റണ്‍സാണ് അക്ഷര്‍ എടുത്തത്. താരം പുറത്താകാതെ നിന്നു. രണ്ട് റണ്ണുമായി കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു. ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് റണ്‍സുമായി മടങ്ങി. 

പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റനും അര്‍ഷ്ദീപ് സിങ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com