കത്തിക്കയറി ഒറ്റയ്ക്ക് പൊരുതി മൊയിന്‍; രാജസ്ഥാന് ജയിക്കാന്‍ 151 റണ്‍സ്

ഇംഗ്ലീഷ് താരം മൊയിന്‍ അലിയുടെ നിശ്ചയദാര്‍ഢ്യമാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ വേണ്ടത് 151 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് കണ്ടെത്തിയത്. ടോസ് നേടി ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഇംഗ്ലീഷ് താരം മൊയിന്‍ അലിയുടെ നിശ്ചയദാര്‍ഢ്യമാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഹിച്ച സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ മൊയിന്‍ വീണു. 57 പന്തുകള്‍ നേരിട്ട മൊയിന്‍ അലി 13 ഫോറുകളും മൂന്ന് സിക്‌സും സഹിതം 93 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മൊയിന്‍ ഒരു ഭാഗത്ത് ഉറച്ചു നിന്നത് ചെന്നൈ ബാറ്റിങില്‍ നിര്‍ണായകമായി. 

തുടക്കത്തില്‍ തന്നെ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി. താരം രണ്ട് റണ്ണാണ് കണ്ടെത്തിയത്. 

എന്നാല്‍ രണ്ടാമനായി ക്രീസിലെത്തിയ മൊയിന്‍ അലി തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയതോടെ ചെന്നൈ സ്‌കോര്‍ പൊടുന്നനെ കുതിച്ചു കയറി. സ്പിന്‍ പേസ് വ്യത്യാസമില്ലാതെ ഇംഗ്ലീഷ് താരം ബാറ്റ് വീശിയതോടെ രാജസ്ഥാന്‍ ബൗളിങ് നിര ഹതാശരായി. 

ട്രെന്റ് ബോള്‍ട്ടിനെ ഒരോവറില്‍ 26 റണ്‍സ് അടിച്ച് മൊയിന്‍ ശിക്ഷിച്ചു. ആദ്യ പന്തില്‍ സിക്‌സും പിന്നീടുള്ള അഞ്ച്  പന്തില്‍ തുടരെ അഞ്ച് ഫോറുകളുമാണ് ഈ ഓവറില്‍ മൊയിന്‍ അടിച്ചെടുത്തത്. ഒടുവില്‍ ഒബെദ് മക്കോയിയുടെ പന്തില്‍ റിയാന്‍ പരാഗിന് പിടി നല്‍കിയാണ് താരം മടങ്ങിയത്. ഈ സീസണില്‍ പരാഗിന്റെ 15ാം ക്യാച്ചാണിത്. 

മൊയിന്‍ അലിക്ക് പുറമെ ക്യാപ്റ്റന്‍ എംഎസ് ധോനിയാണ് ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശിയത്. ധോനി ഒരോ സിക്‌സും ഫോറും സഹിതം 26 റണ്‍സാണ് എടുത്തത്. 16 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. 

നാരയണ്‍ ജഗദീശന്‍ (1), അമ്പാട്ടി റായുഡു (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മിച്ചല്‍ സാന്റ്‌നര്‍ ഒരു റണ്ണുമായും സിമര്‍ജീത് സിങ് മൂന്ന് റണ്ണുമായും പുറത്താകാതെ നിന്നു. 

നാലോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത മക്കോയ് രാജസ്ഥാനായി തിളങ്ങി. യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീഴ്ത്തി. ബോള്‍ട്ട്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com