ടെന്നീസ് താരം വിരാട് കോഹ്‌ലി! റണ്‍മെഷീന്റെ കൗതുകം നിറഞ്ഞ അറിയാക്കഥകള്‍

കോഹ് ലിയെ കുറിച്ച് അധികമാരുടേയും ശ്രദ്ധയില്‍ എത്തിയിട്ടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

തുടരെ ടെസ്റ്റില്‍ ഇരട്ട ശതകം, അതിവേഗത്തില്‍ ഏകദിനത്തില്‍ 1000 റണ്‍സ്, 71 സെഞ്ചുറികള്‍...കോഹ് ലിയെ കുറിച്ച് പറയാന്‍ ആരാധകരുടെ പക്കല്‍ നേട്ടങ്ങളുടെ പട്ടിക ഒരുപാടുണ്ട്. എന്നാല്‍ കോഹ് ലിയെ കുറിച്ച് അധികമാരുടേയും ശ്രദ്ധയില്‍ എത്തിയിട്ടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്...

ടെന്നീസോ ക്രിക്കറ്റോ? 

ടെന്നീസ് താരം വിരാട് കോഹ്‌ലി...ഒരുപക്ഷേ നമുക്ക് ഇങ്ങനെ പറയേണ്ടി വരുമായിരുന്നു. ക്രിക്കറ്റ് ആണോ ടെന്നീസ് ആണോ തന്റെ മേഖല എന്ന് കോഹ്‌ലിക്ക് തെരഞ്ഞെടുക്കേണ്ടിയിരുന്നു. ക്രിക്കറ്റിനോടുള്ള ഇഷ്ടം തുടരാനാണ് ഈ സമയം കോഹ്‌ലി തീരുമാനിച്ചത്.

റോജര്‍ ഫെഡറര്‍ കൂടി ഉള്‍പ്പെട്ട ടെന്നീസ് ടീമിന്റെ സഹ ഉടമയും ആയിരുന്നു ഒരിക്കല്‍ കോഹ് ലി. 2015ല്‍  ഐപിടിഎല്‍ ടീം യുഎഇ റോയല്‍സിന്റെ ഓഹരികളാണ് കോഹ് ലി സ്വന്തമാക്കിയത്.

അച്ഛന്റെ സ്വാധീനം

ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ കോഹ്‌ലിക്ക് പകര്‍ന്നു നല്‍കിയത് പിതാവാണ്. വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് അക്കാദമിയിലേക്ക് കോഹ് ലിയെ കൊണ്ടുവന്നത് പിതാവ് പ്രേം കോഹ് ലിയാണ്. സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ കരുത്ത് നല്‍കിയാണ് പിതാവ് ഓരോ മത്സരങ്ങളിലും കോഹ് ലിയെ അനുഗമിച്ചത്. 

2006ലുണ്ടായ പിതാവിന്റെ വിയോഗം കോഹ് ലിയെ ഏറെ അലട്ടി. അന്ന് മുതലാണ് ഞാന്‍ കളിയെ സമീപിക്കുന്ന രീതി മാറിയത്. രാജ്യത്തിന് വേണ്ടി കളിക്കണം, അതാണ് അച്ഛന്റെ സ്വപ്‌നം എന്ന ചിന്ത മാത്രമാണ് എന്റെ മനസിലുണ്ടായത്, ഒഡിബിളില്‍ പങ്കുവെച്ച ഓഡിബുക്കില്‍ കോഹ് ലി പറയുന്നു. അച്ഛന്‍ മരിച്ച ദിവസം മനസ് നീറി നില്‍ക്കവെ ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കാനും കോഹ് ലി എത്തി. 

സച്ചിനെ നെഞ്ചോട് ചേര്‍ത്ത് ക്രിക്കറ്റ് ലോകത്തേക്ക്

സച്ചിനിലൂടെ ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത ലക്ഷക്കണക്കിന് പേരില്‍ ഒരാളാണ് കോഹ്‌ലിയും. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചപ്പോള്‍ സച്ചിന് ആദരവര്‍പ്പിച്ചാണ് കോഹ് ലി തലകുനിച്ചത്. 21 വര്‍ഷം ഇന്ത്യയുടെ ഭാരം ചുമന്ന സച്ചിനെ ഇന്ന് ഞങ്ങള്‍ ചുമലിലേറ്റുന്നു എന്ന് പറഞ്ഞാണ് കോഹ് ലി വാങ്കഡെയില്‍ സച്ചിനെ തോളിലേറ്റിയത്. 

ഫുട്‌ബോള്‍ പ്രേമം

ഫ്രാഞ്ചൈസി സ്‌പോര്‍ട്‌സ് ലീഗുകളില്‍ തന്റെ താത്പര്യം കോഹ് ലി വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവയില്‍ കോഹ്‌ലി സഹ ഉടമയായിരുന്നു. പരിശീല സെഷനുകളില്‍ ഫുട്‌ബോള്‍ കളിയില്‍ ടീമിനൊപ്പം ചേരുന്ന കോഹ് ലിയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. ജര്‍മനിയാണ് കോഹ് ലിയുടെ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ടീം. 

ചോള ബട്ടൂര ഫാന്‍

ക്രിക്കറ്റ് കഴിഞ്ഞാല്‍ ഭക്ഷണത്തോടാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്റെ സ്‌നേഹം. ബര്‍ഗറും ബട്ടര്‍ ചിക്കനും അമ്മയുണ്ടാക്കുന്ന വിഭവങ്ങളും ഉള്‍പ്പെടെ കോഹ്‌ലി പരീക്ഷിക്കാതെ വെച്ചിരിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ഇല്ല. ചോള ബട്ടൂരയോടുള്ള ഇഷ്ടം ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ തുറന്ന് പറഞ്ഞിരിക്കുന്നത് പലവട്ടമാണ

ഫിറ്റ്‌നസ് ഫ്രീക്കായതോടെ ഡല്‍ഹിയിലെ നിരത്തുകളില്‍ നിറയുന്ന രുചികളോടും കോഹ് ലി മുഖം തിരിച്ചു തുടങ്ങി. വര്‍ഷങ്ങള്‍ക്കിപ്പുറവും ഡയറ്റില്‍ വിട്ടുവീഴ്ച്ചയില്ല ഇന്ത്യന്‍ ക്യാപ്റ്റന്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com