ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍ സെമിയിലേക്ക്? ബംഗ്ലാദേശിനെതിരെ 128 റണ്‍സ് വിജയ ലക്ഷ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 11:32 AM  |  

Last Updated: 06th November 2022 11:34 AM  |   A+A-   |  

pakistan

ഫോട്ടോ: എഎഫ്പി

 

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പ് സെമി ഫൈനലിലേക്ക് കടക്കാന്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ചെയ്‌സ് ചെയ്യേണ്ടത് 128  റണ്‍സ്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 127 റണ്‍സ് മാത്രം. 

48 പന്തില്‍ നിന്ന് ഏഴ് ഫോറോടെ 54 റണ്‍സ് എടുത്ത നജ്മുള്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കെതിരായ കളിയില്‍ തകര്‍പ്പന്‍ തുടക്കം നല്‍കി ബാറ്റ് വീശിയ ലിറ്റന്‍ ദാസിന്റേത് ഉള്‍പ്പെടെ 4 വിക്കറ്റ് പിഴുത ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. ഇന്ത്യക്കെതിരെ 27 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്ത ലിറ്റന്‍ ദാസിനെ 10 റണ്‍സില്‍ നില്‍ക്കെ ഷഹീന്‍ മടക്കി. 

ലിറ്റന്‍ ദാസിനെ മടക്കിയതിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റുകള്‍ വീഴ്ത്താന്‍ പാക് ബൗളര്‍മാര്‍ക്കായി. 24 റണ്‍സ് മാത്രം എടുത്ത അഫിഫ് ഹൊസെയ്‌നാണ് ബംഗ്ലാദേശിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. സൗമ്യ സര്‍ക്കാര്‍ 20 റണ്‍സും എടുത്ത് മടങ്ങി. 

ബംഗ്ലാദേശ് മുന്‍പില്‍ വെച്ച 128 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ പാകിസ്ഥാന് കഴിഞ്ഞാല്‍ ആറ് പോയിന്റുമായി ബാബര്‍ അസമും സംഘവും ഇന്ത്യക്കൊപ്പം രണ്ടാം ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്ക് കടക്കും. 5 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന സൗത്ത് ആഫ്രിക്ക നെതര്‍ലന്‍ഡ്‌സിന്റെ കൈകളില്‍ നിന്ന് ഞെട്ടിക്കുന്ന തോല്‍വി വാങ്ങിയതോടെയാണ് പാകിസ്ഥാനും ബംഗ്ലാദേശിനും സെമി സാധ്യത തുറന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ