മെസിക്കായി മിന്നും പാസുകള്‍ നല്‍കാന്‍ സെല്‍സോ ഉണ്ടാവില്ല; അര്‍ജന്റീനക്ക് കനത്ത തിരിച്ചടി 

ഖത്തറില്‍ ലോകകപ്പ് ആവേശത്തിന് തുടക്കമാവാന്‍ ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ അര്‍ജന്റീനയ്ക്ക് തിരിച്ചടി
സെല്‍സോ/ഫോട്ടോ: എഎഫ്പി
സെല്‍സോ/ഫോട്ടോ: എഎഫ്പി

ബ്യൂണസ് ഐറിസ്: ഖത്തറില്‍ ലോകകപ്പ് ആവേശത്തിന് തുടക്കമാവാന്‍ ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ അര്‍ജന്റീനയ്ക്ക് തിരിച്ചടി. മധ്യനിര താരം ജിയോവാനി ലോ സെല്‍സോയ്ക്ക് പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സെല്‍സോയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് താരത്തിന്റെ ക്ലബായ വിയ്യാറയല്‍ വ്യക്തമാക്കി. ടോട്ടനത്തില്‍ നിന്നും ലോണിലാണ് സെല്‍സോ വിയ്യാറയലിന് വേണ്ടി കളിക്കുന്നത്. കണങ്കാലിന് പരിക്കേറ്റ സെല്‍സോയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരും. 

സെല്‍സോയുടെ പരിക്കുമായി ബന്ധപ്പെട്ട് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ല്‍ അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തിയപ്പോള്‍ സെല്‍സോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അര്‍ജന്റീനയുടെ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഡിബാല, ഫോയ്ത് എന്നിവരുടെ ഫിറ്റ്‌നസും സ്‌കലോനിക്ക് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

പകരംവെക്കാനില്ലാത്ത താരമാണ് സെല്‍സോ എന്ന് സ്‌കലോനി നേരത്തെ പ്രതികരിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഉള്‍പ്പെടെ മെസിക്കായി അവസരങ്ങള്‍ തുറന്നു കൊടുത്ത പാസുകളിലൂടെ ലൊസെല്‍സോ ശ്രദ്ധ പിടിച്ചിരുന്നു. 

സ്‌കലോനി പരിശീലന സ്ഥാനം ഏറ്റെടുത്തതിന് ശേഷം അര്‍ജന്റൈന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റുകള്‍ ഉള്ളത് സെല്‍സോയുടെ പേരിലാണ്. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റൈന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും സാംപോളി സെല്‍സോയെ ഇറക്കിയില്ല. 2017ലാണ് സെല്‍സോ അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 41 മത്സരങ്ങള്‍ ടീമിനായി കളിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com