ഹര്‍ദികിന്റെ കൂട്ടപ്പൊരിച്ചില്‍, വീണ്ടും തിളങ്ങി കോഹ്‌ലി; ഇംഗ്ലണ്ടിന് മുന്നില്‍ 169 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

ഹര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഡ്‌ലെയ്ഡ്: ഒരിക്കല്‍ കൂടി വിരാട് കോഹ്‌ലി ഇന്ത്യയെ തേളിലേറ്റി. പിന്നാലെ ബാറ്റിങ് ഫോമിലെത്താതിരുന്ന ഹര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പ്രതിരോധിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ഇംഗ്ലണ്ടിന് ജയിക്കാന്‍ 169 റണ്‍സ്. നിശ്ചിത ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് കണ്ടെത്തി. 

ഹര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഒരുവേള മെല്ലെ നീങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് വേഗം പകര്‍ന്നത് ഹര്‍ദികിന്റെ കൂറ്റനടികളാണ്. സ്‌കോര്‍ 150 കടത്തിയതും താരത്തിന്റെ അവസരോചിത ബാറ്റിങായിരുന്നു. അവസാന അഞ്ച് ഓവറില്‍ 68 റണ്‍സാണ് ബോര്‍ഡിലെത്തിയത്. 

33 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം ഹര്‍ദിക് 63 റണ്‍സ് വാരി. കോഹ്‌ലി 40 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. 

ടോസ് നേടി ഇംഗ്ലണ്ട് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (അഞ്ച്) ക്ഷണത്തില്‍ പുറത്തയാപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തി. അതിനിടെ രോഹിത് വീണു. 28 പന്തില്‍ 27 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന. 

മികവില്‍ ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവ് പതിവ് പോലെ വന്നത് മുതല്‍ വെടിക്കെട്ടിന് തിരി കൊളുത്തി. എന്നാല്‍ ഇത്തവണ അധികം ആയുസുണ്ടായില്ല. ഒരു സിക്‌സും ഫോറും സഹിതം പത്ത് പന്തില്‍ 14 റണ്‍സുമായി സൂര്യകുമാര്‍ പുറത്ത്. 

പിന്നീട് ക്രീസില്‍ ഒന്നിച്ച കോഹ്‌ലി- ഹര്‍ദിക് സഖ്യം ടീം സ്‌കോര്‍ 130 കടത്തി. അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ നാലാം വിക്കറ്റായി കോഹ്‌ലി മടങ്ങി. നാലാം വിക്കറ്റില്‍ ഹര്‍ദികും കോഹ്‌ലിയും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ എത്തിയ ഋഷഭ് പന്തിന് പക്ഷേ തിളങ്ങാനായില്ല. കാര്‍ത്തികിന് പകരമെത്തിയ താരം ഇത്തവണയും നിരാശപ്പെടുത്തി. ആറ് റണ്‍സുമായി പന്ത് റണ്ണൗട്ടായി മടങ്ങി. ഇന്ത്യന്‍ സ്‌കോര്‍ 168ല്‍ എത്തിച്ച് 20ാം ഓവറിന്റെ അവസാന പന്തില്‍ ഹര്‍ദിക് ആറാം വിക്കറ്റായി കൂടാരം കയറി.

ഇംഗ്ലീഷ് നിരയില്‍ മൂന്ന് വിക്കറ്റെടുത്ത് ക്രിസ് ജോര്‍ദാന്‍ തിളങ്ങി. ആദില്‍ റഷീദ്, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com