ഗോളില്ലാ പോര്; ഡെൻമാർക്കിനെ പൂട്ടി ടുണീഷ്യ

ചിത്രം: പിടിഐ
ചിത്രം: പിടിഐ

അല്‍ റയാന്‍: ഈ ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഡെൻമാർക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ. യൂറോ കപ്പിലെ സെമി ഫൈനലിസ്റ്റുകൾ കൂടിയായ ക്രിസ്റ്റ്യൻ എറിക്സന്റെ നേതൃത്വത്തിലുള്ള ഡാനിഷ് സംഘത്തെ ടുണീഷ്യ പ്രതിരോധപ്പൂട്ടിട്ട് പൂട്ടിക്കളഞ്ഞു. മത്സരത്തിലുടനീളം ഇരു ടീമുകളും തുല്യ നിലയ്ക്കാണ് പോരാടിയത്. 

ഇരു ഭാ​ഗത്തേയും ​ഗോൾ കീപ്പർമാർ ഉജ്ജ്വല ഫോമിലാണ് കളിച്ചത്. ഡെൻമാർക്ക് ​ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കലും ടുണീഷ്യ​ ​ഗോൾ കീപ്പർ അയ്മൻ ഡാഹ്മെനും മിന്നും പ്രകടനവുമായി കളം നിറഞ്ഞതോടെയാണ് ​ഗോളില്ലാ പോരായി മത്സരം മാറിയത്. 

മത്സരം തുടങ്ങിയത് മുതൽ ടുണീഷ്യ ആക്രമണ മൂഡിലായിരുന്നു. തുടക്കത്തിൽ തന്നെ അവർ ഡാനിഷ് ​ഗോൾ മുഖത്ത് ഭീഷണി ഉയർത്തി. മത്സരം പത്ത് മിനിറ്റ് പിന്നിട്ടപ്പോൾ അവർ ​ഗോൾ നേടുമെന്നും തോന്നിച്ചു. മുഹമ്മദ് ഡ്രാ​ഗറുടെ ഷോട്ട് ​ഗോൾ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നു പോയി. 23ാം മിനിറ്റിൽ ഇസാം ജെബലിയുടെ ഷോട്ട് വലയിൽ കയറിയെങ്കിലും അത് ഓഫ് സൈഡായതോടെ ടുണീഷ്യ നിരാശപ്പെട്ടു. 

ഡെൻമാർക്ക് പതിയെയാണ് ആക്രമണം തുടങ്ങിയത്. ഇതോടെ മത്സരം ആവേശകരമായി. ആദ്യ പകുതിയിൽ പക്ഷേ ഡെൻമാർക്കിന് കാര്യമായ അവസരം സൃഷ്ടിക്കാൻ സാധിക്കാതെ പോയി. 

ആദ്യ പകുതി തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ടുണീഷ്യയുടെ ജബാലിക്ക് സുവർണാവസരം കിട്ടി. ഡാനിഷ് ​ഗോളി ഷ്മൈക്കൽ മാത്രമായിരുന്നു അപ്പോൾ മുന്നിലുണ്ടായിരുന്നത്. എന്നാൽ അവിശ്വസനീയമാം വിധം താരത്തിന്റെ ശ്രമം ഷ്മൈക്കൽ ഒറ്റക്കൈകൊണ്ട് തട്ടിയകറ്റി. 

രണ്ടാം പകുതിയുടെ തുടക്കത്തിലും ജെബാലിക്ക് അവസരം തുറന്നു കിട്ടി. ഒറ്റയ്ക്ക് മുന്നേറിയ ജെബാലി ​പുറത്തേക്കടിച്ച് അവസരം പാഴാക്കി. 

55ാം മിനിറ്റിൽ ഡെൻമാർക്ക് താരം ഓൾസെൻ വല ചലിപ്പിച്ചെങ്കിലും അതും ഓഫ്സൈഡായി. 68ാം മിനിറ്റിൽ എറിക്സന്റെ ലോങ് റേഞ്ച് ഷോട്ട് ടുണീഷ്യൻ ​ഗോളി തട്ടിമാറ്റുകയും ചെയ്തു. അവസാന ഘട്ടത്തിൽ എറിക്സന്റെ ഒരു ഹെഡ്ഡർ പോസ്റ്റിൽ തട്ടിത്തെറിച്ചതും ഡെൻമാർക്കിന് നിരാശയായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com