ഗാവി-പെഡ്രി സഖ്യത്തിന്റെ 152 പാസുകള്‍; അടുത്ത ഷാവിയും ബാലണ്‍ ദി ഓര്‍ ജേതാവുമെന്ന് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 11:42 AM  |  

Last Updated: 24th November 2022 11:46 AM  |   A+A-   |  

gavi

ഫോട്ടോ: എഎഫ്പി

 

ദോഹ: 74ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ ക്രോസില്‍ നിന്ന് വോളിയിലൂടെ ഗോള്‍. വല കുലുക്കി കോസ്റ്ററിക്കയ്‌ക്കെതിരെ സ്‌പെയ്‌നിന്റെ ലീഡ് 5-0 ആയി ഉയര്‍ത്തുക മാത്രമല്ല ഗാവി എന്ന പതിനെട്ടുകാരന്‍ അവിടെ ചെയ്തത്. സ്പാനിഷ് ടീമിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി ഇവിടെ മാറി. 

കോസ്റ്ററിക്കക്കെതിരായ സ്‌പെയ്‌നിന്റെ മത്സരം കഴിഞ്ഞതിന് പിന്നാലെ അടുത്ത ഷാവി, ബാലണ്‍ ദി ഓര്‍ ജേതാവ് എന്നെല്ലാമാണ് ഗാവിയെ ആരാധകരും ഫുട്‌ബോള്‍ പണ്ഡിറ്റുകളും വിലയിരുത്തുന്നത്. 17 വയസും 239 ദിവസവും പിന്നിട്ട് നില്‍ക്കെ ഗോള്‍ നേടിയ പെലെയാണ് ലോകകപ്പില്‍ വല കുലുക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 1958 ലോകകപ്പിലായിരുന്നു ഇത്. പെലെയ്ക്ക് ശേഷം വല ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി മാറി. 

സാവി-ഇനിയെസ്റ്റ സഖ്യത്തിന്റെ ഓര്‍മയിലാണ് സ്പാനിഷ് ആരാധകര്‍

ഗാവി-പെഡ്രി സഖ്യത്തിന്റെ മധ്യനിരയിലെ കളിയോടെ സാവി-ഇനിയെസ്റ്റ സഖ്യത്തിന്റെ ഓര്‍മയിലാണ് സ്പാനിഷ് ആരാധകര്‍. 152 പാസുകളാണ് കളിയില്‍ പെഡ്രിയും ഗാവിയും തമ്മില്‍ ഉണ്ടായത്. 1962ന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീമില്‍ രണ്ട് കൗമാര താരങ്ങളുടെ സഖ്യം ആദ്യ ഇലവനില്‍ വരുന്നത്.

ലോക ഫുട്‌ബോളിലെ താരമായി മാറാന്‍ പോകുന്ന കളിക്കാരന്‍ എന്നാണ് കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഗാവിയെ ചൂണ്ടി സ്‌പെയ്ന്‍ കോച്ച് എന്റിക്വെ പറഞ്ഞത്. 18 വയസ് മാത്രമാണ് ഗാവിയുടെ പ്രായം. എന്നാല്‍ അവന്റെ വ്യക്തിത്വം ഒരു പരിചയസമ്പത്ത് നിറഞ്ഞ കളിക്കാരന്റേത് പോലെയാണ്. പന്ത് കാലില്‍ വെച്ചും അല്ലാതേയും ആക്രമിച്ച് തന്നെ ഗാവി കളി തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പാനിഷ് കോച്ച് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ലോകം മാറിയിട്ടൊന്നുമില്ല, ഇനി രണ്ട് കളി കൂടി ഉണ്ട്'; അര്‍ജന്റീനയെ പിന്തുണച്ച് റാഫേല്‍ നദാല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ