ബ്രസീലിന്റെ രക്ഷകനായി കാസിമെറോ, പോര്‍ച്ചുഗലിനെ തുണച്ച് ബ്രൂണോ; വമ്പന്മാര്‍ പ്രീക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ സെറ്റ് പീസുകള്‍ മുതലാക്കാനാവാതെ കുഴങ്ങി നിന്നിരുന്ന ബ്രസീലിനെ മിഡ്ഫീല്‍ഡ് ഡിഫന്റര്‍ കാസിമെറോയാണ് രക്ഷിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് യുറുഗ്വേയെ പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. 

നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീലിന് തുടക്കം മുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നു. എന്നാല്‍ നെയ്മറുടെ അഭാവത്തില്‍ 4-3-3 എന്ന ശൈലിയില്‍ ഇറങ്ങിയ ബ്രസീലിനായി റിച്ചാര്‍ലിസനും വിനിഷ്യസ് ജൂനിയറിനും റാഫിഞ്ഞയ്ക്കും തുടക്കത്തില്‍ അവസരങ്ങള്‍ മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ബ്രസീലാണ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത്. 

27ാം മിനിറ്റില്‍ റാഫിഞ്ഞയില്‍ നിന്ന് വന്ന പിന്‍ പോയിന്റ് ക്രോസിന്റെ സമയം വിനിഷ്യസ് പെനാല്‍റ്റി ഏരിയയില്‍ ഉണ്ടായിരുന്നെങ്കിലും വിനിഷ്യസിന്റെ ഷോട്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളി കയ്യിലൊതുക്കി. കോര്‍ണറുകളും ഫ്രീകിക്കുകളും മുതലാക്കാനും ബ്രസീലിന് കഴിഞ്ഞില്ല. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 64ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ ലീഡ് എടുത്തെന്ന് തോന്നിച്ചു. എന്നാല്‍ വിനിഷ്യസിന്റെ ഗോള്‍ വാറില്‍ തട്ടി അകന്നു.

ഒടുവില്‍ 86ാം മിനിറ്റില്‍ മുന്‍പിലേക്ക് കയറി വന്ന് നിന്ന കാസിമെറോയുടെ കാലുകളില്‍ നിന്നാണ് ബ്രസീലിന്റെ വിജയ ഗോള്‍ വന്നത്. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന റോഡ്രിഗോയുടെ ക്രോസില്‍ നിന്ന് വോളിയിലൂടെയാണ് കാസെമെറോ വല കുലുക്കിയത്. ഈ സമയം മൂന്ന് പ്രതിരോധനിര താരങ്ങളെ തന്റെ അടുത്തേക്ക് നീക്കി കാസിമെറോയ്ക്ക് സ്‌പേസ് കണ്ടെത്തി കൊടുക്കാന്‍ വിനിഷ്യസ് ജൂനിയറിനായതും തുണയായി. 

പെനാല്‍റ്റിയിലൂടേയും ബ്രൂണോ രക്ഷകനായി

രണ്ടാം പകുതിയിലാണ് പോര്‍ച്ചുഗലും വല കുലുക്കിയത്. 54ാം മിനിറ്റിലും ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടേയും ബ്രൂണോ ടീമിന്റെ രക്ഷകനായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 55ാം മിനിറ്റിലാണ് ബ്രൂണോ ലീഡിലേക്ക് പോര്‍ച്ചുഗലിനെ എത്തിച്ചത്. തന്റെ ഗോള്‍ എന്ന് കരുതി ക്രിസ്റ്റിയാനോയും ഈ സമയം ആഘോഷം തുടങ്ങിയിരുന്നു. ബ്രൂണോയുടെ ക്രോസ് യുറുഗ്വേ ഗോള്‍കീപ്പറെ മറികടന്ന് വലയിലേക്ക് എത്താന്‍ പോകവെ ക്രിസ്റ്റിയാനോ ഹെഡ്ഡറിന് ശ്രമിച്ചിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോയുടെ ടച്ച് ഇല്ലാതെ തന്നെ പന്ത് വലയിലെത്തി.

രണ്ടാം പകുതിയുടെ 73ാം മിനിറ്റില്‍ കവാനിക്ക് പകരം സുവാരസും നുനെസിന് പകരം ഗോമസും കളത്തിലേക്ക് വന്നിട്ടും സമനില ഗോള്‍ പിടിക്കാന്‍ യുറുഗ്വേയ്ക്ക് കഴിഞ്ഞില്ല. 74ാം മിനിറ്റില്‍ പകരക്കാരനായി വന്ന മാക്‌സി ഗോമസില്‍ നിന്ന് ബോക്‌സിന് പുറത്ത് നിന്ന് തകര്‍പ്പന്‍ ഷോട്ട് വന്നു. എന്നാല്‍ പോസ്റ്റില്‍ തട്ടിയകന്നതോടെ സമനില സ്വപ്‌നങ്ങള്‍ യുറുഗ്വേയില്‍ നിന്നകന്നു. 
ഇഞ്ചുറി ടൈമില്‍ യുറുഗ്വേയ് താരം ഗിമെനെസിന്റെ ഹാന്‍ഡ് ബോളിനെ തുടര്‍ന്നാണ് പോര്‍ച്ചുഗലിന് പെനാല്‍റ്റി ലഭിച്ചത്. പെനാല്‍റ്റി കിക്ക് എടുത്ത ബ്രൂണോയ്ക്ക് പിഴച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com