മിന്നും തുടക്കം; പിന്നെ തകർന്നടിഞ്ഞ് സിംബാബ്‌വെ; പാകിസ്ഥാന് ജയിക്കാൻ 131 റൺസ്

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസീമും 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദബ് ഖാനും ചേര്‍ന്നാണ് സിംബാബ്‌വെയെ തകര്‍ത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാന് 131 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് എടുത്തത്. മികച്ച രീതിയിൽ തുടങ്ങിയിട്ടും അവർക്ക് കാര്യമായി സ്കോർ ചെയ്യാൻ സാധിക്കാതെ പോയി. 

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസീമും 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദബ് ഖാനും ചേര്‍ന്നാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഹാരിസ് റൗഫ് ഒരു വിക്കറ്റെടുത്തു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയുടേത് മികച്ച തുടക്കമായിരുന്നു. ആദ്യ ഓവറിൽ ഷഹീൻ അഫ്രീദിക്കെതിരെ 14 റൺസാണ് സിംബാബ്‌വെ അടിച്ചെടുത്തത്. വെസ്ലി മധെവെരെയും ക്യാപ്റ്റനും ക്രെയ്ഗ് ഇര്‍വിനും ചേര്‍ന്ന് 29 പന്തില്‍ നിന്ന് 42 റണ്‍സടിച്ച ശേഷമാണ് പിരിഞ്ഞത്. 19 പന്തില്‍ നിന്നു 19 റണ്‍സ് നേടിയ ഇര്‍വിനെ മടക്കി മുഹമ്മദ് വസീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറാം ഓവറില്‍ മധെവെരെയും മടങ്ങി. 13 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ സിംബാബ്‌വെയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 28 പന്തില്‍ നിന്നു 31 റണ്‍സെടുത്ത സീന്‍ വില്യംസിന് മാത്രമാണ് പിന്നീട് പാക് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. മില്‍ട്ടണ്‍ ഷുംബ (8), സിക്കന്തര്‍ റാസ (9), റെഗിസ് ചക്കാബ്വ (0) എന്നിവരെല്ലാം പരാജയമായി. റയാന്‍ ബേള്‍ 10 റണ്‍സോടെയും റിച്ചാര്‍ഡ് നഗാരവ മൂന്ന് റണ്‍സോടെയും പുറത്താകാതെ നിന്നു. ബ്രാഡ് ഇവാന്‍സ് 15 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com