ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 174 റണ്‍സ്; രോഹിതിന് അര്‍ധ സെഞ്ചുറി

രോഹിത് 41 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 34 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ 17 റണ്‍സ് വീതം നേടി.
അര്‍ധ സെഞ്ചുറി നേടിയ രോഹിത്‌
അര്‍ധ സെഞ്ചുറി നേടിയ രോഹിത്‌


ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 174 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 173 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍.

രോഹിത് 41 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 34 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ 17 റണ്‍സ് വീതം നേടി.

രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെഎല്‍ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ഓവറില്‍ ഫോമിലുള്ള വിരാട് കോഹ് ലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദില്‍ഷന്‍ മധുഷങ്കയുടെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച കോഹ് ലി ബൗള്‍ഡാകുകയായിരുന്നു.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രോഹിത്  സൂര്യകുമാര്‍ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ രോഹിത്തായിരുന്നു കൂടുതല്‍ അപകടകാരി. നിലയുറപ്പിച്ച ശേഷം രോഹിത് ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. സൂര്യകുമാറാകട്ടെ രോഹിത്തിന് ഉറച്ച പിന്തുണ നല്‍കി. മൂന്നാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 13ാം ഓവറില്‍ പിരിയുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നിരുന്നു. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 41 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറുമടക്കം 72 റണ്‍സെടുത്ത രോഹിത്തിനെ മടക്കി ചമിക കരുണരത്‌നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിക്ക് പകരം ആര്‍. അശ്വിനെ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com