'2024ലെ യൂറോ കപ്പിലും കളിക്കണം'; ലോകകപ്പിന് ശേഷവും പോര്‍ച്ചുഗലിനൊപ്പം തുടരുമെന്ന് ക്രിസ്റ്റ്യാനോ 

യൂറോ 2024ല്‍ പോര്‍ച്ചുഗല്ലിന് വേണ്ടി കളിക്കാനുള്ള താത്പര്യം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫോട്ടോ: എഎഫ്പി(ഫയല്‍)
ഫോട്ടോ: എഎഫ്പി(ഫയല്‍)

ലണ്ടന്‍: യൂറോ 2024ല്‍ പോര്‍ച്ചുഗലിന് വേണ്ടി കളിക്കാനുള്ള താത്പര്യം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശിയ ടീമിലെ തന്റെ പാത അവസാനിച്ചിട്ടില്ലെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നത്. 

പോര്‍ച്ചുഗല്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് എത്തിയതിന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം സ്വീകരിച്ചാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി ഫെഡറേഷന്റെ ഭാഗമായി നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റ്യാനോ പറഞ്ഞു. 

എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോഴും ഉയരെയാണ്. ഇപ്പോഴും എനിക്ക് പ്രചോദനം തോന്നുന്നു. ദേശിയ ടീമിലെ എന്റെ വഴി അവസാനിച്ചിട്ടില്ല. ക്വാളിറ്റിയുള്ള ഒരുപാട് യുവ താരങ്ങള്‍ നമുക്കുണ്ട്. ലോകകപ്പില്‍ ഞാന്‍ ഉണ്ടാവും. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കളിക്കാനും എനിക്ക് ആഗ്രഹമുണ്ട്, ക്രിസ്റ്റ്യാനോ വ്യക്തമാക്കി. 

ക്രിസ്റ്റ്യാനോയുടെ പ്രായം 39 ആവും

2024ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് എത്തുമ്പോഴേക്കും ക്രിസ്റ്റിയാനോയുടെ പ്രായം 39 ആവും. 2016ല്‍ പോര്‍ച്ചുഗല്ലിനെ യൂറോ കിരീടത്തിലേക്ക് എത്തിക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം സീസണിന്റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഖത്തറില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവുമോ എന്ന ആശങ്കയും ശക്തമാണ്. 

നവംബര്‍ 24നാണ് പോര്‍ച്ചുഗലിന്റെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് പോര്‍ച്ചുഗലിന്റെ ആദ്യ എതിരാളി. പിന്നാലെ യുറുഗ്വേയ്ക്ക് മുന്‍പിലേക്ക് പോര്‍ച്ചുഗല്‍ എത്തും. നവംബര്‍ 29നാണ് യുറുഗ്വേയ്ക്ക് എതിരായ മത്സരം. ഡിസംബര്‍ രണ്ടിന് സൗത്ത് കൊറിയയേയും പോര്‍ച്ചുഗല്‍ നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com