ഫ്രാന്‍സിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്; ഹോളണ്ടും ക്രൊയേഷ്യയും നേഷന്‍സ് ലീഗ് സെമിയില്‍

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 11:00 AM  |  

Last Updated: 26th September 2022 11:00 AM  |   A+A-   |  

holand

ഫോട്ടോ: എഎഫ്പി

 

ആംസ്റ്റര്‍ഡാം: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ കരുത്തരായ ഹോളണ്ട്, ക്രൊയേഷ്യ ടീമുകള്‍ സെമിയിലേക്ക് മുന്നേറി. ഹോളണ്ട് മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബെല്‍ജിയത്തെ വീഴ്ത്തിയാണ് മുന്നേറിയത്. ക്രൊയേഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഓസ്ട്രിയയെ പരാജയപ്പെടുത്തിയാണ് സെമി ബര്‍ത്ത് ഉറപ്പാക്കിയത്. 

മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഡെന്‍മാര്‍ക്ക് അട്ടിമറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് ഫ്രഞ്ച് ടീമിനെ ഞെട്ടിച്ചത്. 

വിര്‍ജില്‍ വാന്‍ ഡെയ്കിന്റെ ഗോളിലാണ് ഹോളണ്ട് വിജയം പിടിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 73ാം മിനിറ്റിലാണ് വാന്‍ ഡെയ്ക് നിര്‍ണായക ഗോള്‍ നേടിയത്. 

ക്രൊയേഷ്യക്കായി ലുക മോഡ്രിച്, മാര്‍കോ ലിവജ, ഡെന്‍ ലോവ്‌റന്‍ എന്നിവരാണ് വല ചലിപ്പിച്ചത്. ആറ്, 69, 72 മിനിറ്റുകളിലായിരുന്നു ഗോളുകളുടെ പിറവി. 

എംബാപ്പെ, ജിറൂദ്, ഗ്രിസ്മാന്‍ എന്നിവരെല്ലാം ആദ്യ ഇലവനില്‍ കളിച്ചിട്ടും ഫ്രാന്‍സിന് ഗോള്‍ നേടാന്‍ സാധിച്ചില്ല. ഡെന്‍മാര്‍ക്ക് കിട്ടിയ അവസരം മുതലാക്കുകയും ചെയ്തതോടെയാണ് ലോക ചാമ്പ്യന്‍മാര്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ വഴങ്ങി. കളിയുടെ 33ാം മിനിറ്റില്‍ കാസ്പര്‍ ഡോള്‍ബര്‍ഗും 39ാം മിനിറ്റില്‍ അന്‍ഡ്രസ് സ്‌കോവ് ഓള്‍സനും ഡാനിഷ് ടീമിനായി സ്‌കോര്‍ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

16,000 റണ്‍സ്! കോഹ്‌ലി 'റെക്കോര്‍ഡ് വേട്ട' പുനരാരംഭിച്ചു; മുന്നില്‍ സച്ചിന്‍ മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ