ഒന്നിന് പിറകേ ഒന്നായി കൂടാരം കയറി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍; ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരെ കാര്യവട്ടം ട്വന്റി 20യില്‍ ഒന്നിനു പിറകേ ഒന്നായി കൂടാരം കയറി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍
ഹര്‍ഷല്‍ പട്ടേല്‍ ആദ്യ വിക്കറ്റ് നേടുന്നു, image credit: bcci
ഹര്‍ഷല്‍ പട്ടേല്‍ ആദ്യ വിക്കറ്റ് നേടുന്നു, image credit: bcci

തിരുവനന്തപുരം:  ഇന്ത്യക്കെതിരെ കാര്യവട്ടം ട്വന്റി 20യില്‍ ഒന്നിനു പിറകേ ഒന്നായി കൂടാരം കയറി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്. കേശവ് മഹാരാജും ഐഡന്‍ മാര്‍ക്രവും വെയ്ന്‍ പാര്‍നെലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചെറുത്തുനില്‍പ്പ് നടത്തിയത് കൊണ്ട് മാത്രമാണ് ടീം സ്‌കോര്‍ നൂറ് റണ്‍സ് കടന്നത്.

കേശവ് മഹാരാജാണ് ടോപ്പ് സ്‌കോറര്‍. 41 റണ്‍സാണ് കേശവ് മഹാരാജ് നേടിയത്. കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം സ്‌കോര്‍ രണ്ടക്കം കടന്നിരുന്നില്ല. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ ട്വന്റി 20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോഴുള്ള ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന റെക്കോര്‍ഡാണ് തിരുവനന്തപുരത്ത് പിറന്നത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതായിരുന്നു ഇതിന് മുമ്പത്തെ ദക്ഷിണാഫ്രിക്കയുടെ വലിയ തകര്‍ച്ച. 

ആദ്യ എട്ടുപന്തിനിടെ ഓപ്പണര്‍മാരായ ക്വിറ്റണ്‍ ഡിക്കോക്കും ടെംബ ബൗമയും പുറത്തായി. ക്യാപ്റ്റന്‍ ടെംബയെ ചാഹര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങ്ങിനാണ് ഡിക്കോക്കിന്റെ വിക്കറ്റ്. ഡേവിഡ് മില്ലര്‍, റിലീ റോസോവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, എന്നിവരാണ് തൊട്ടുപിന്നാലെ പുറത്തായ മറ്റു ബാറ്റര്‍മാര്‍. മൂന്ന് വിക്കറ്റ് നേട്ടവുമായി അര്‍ഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ കൂടുതല്‍ വിനാശം വിതച്ചത്. 

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്.

രോഹിത് ശര്‍മ നേതൃത്വം നല്‍കുന്ന ടീമില്‍ ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ഇല്ല. ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലിടം നേടി.ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംഘവും. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com